ടെഹ്റാന്: ബ്രിട്ടീഷ് ചാരസംഘടനയ്ക്കു വേണ്ടി രഹസ്യങ്ങൾ ചോർത്തിയെന്നാരോപിച്ച് മുൻ പ്രതിരോധമന്ത്രിയെ ഇറാൻ തൂക്കിലേറ്റി. മുന്‍ പ്രതിരോധ-വിദേശകാര്യ വകുപ്പ് സഹമന്ത്രിയും ബ്രിട്ടീഷ്-ഇറാന് പൗരനുമായ അലിറേസ അക്ബറിയെയാണ് ഇറാന് തൂക്കിലേറ്റിയത്. രഹസ്യ വിവരങ്ങള്‍ കൈമാറിയതിലൂടെ രാജ്യത്തിന്റെ ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷയെ ദോഷകരമായി ബാധിക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെട്ടെന്ന കുറ്റം ചുമത്തിയാണ് അക്ബറിയെ ശനിയാഴ്ച തൂക്കിലേറ്റിയത്. നേരത്തെ ഇറാന് പരമോന്നത കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചിരുന്നു.
ബ്രിട്ടീഷ് ചാരസംഘടനയായ എം 16ന് വേണ്ടി ചാരപ്രവൃത്തിയില്‍ ഏര്‍പ്പെട്ടെന്നാണ് ആരോപണം. അക്ബറിയുടെ വധശിക്ഷ പ്രാകൃതമാണെന്നും ഇതിന് ഇറാന് മറുപടി അര്‍ഹിക്കുന്നുണ്ടെന്നും ബ്രിട്ടണ് പ്രതികരിച്ചു. ‘ബ്രിട്ടീഷ്-ഇറാന് പൗരന് അലിറേസ അക്ബറിയുടെ വധശിക്ഷയില്‍ ഞെട്ടിപ്പോയി. സ്വന്തം ജനതയുടെ മനുഷ്യാവകാശങ്ങളോട് യാതൊരു ബഹുമാനവുമില്ലാത്ത ഒരു പ്രാകൃത ഭരണകൂടം നടത്തിയ നിഷ്ഠൂരവും ഭീരുത്വവും നിറഞ്ഞ നടപടിയാണ് ഇത്’- ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ട്വിറ്ററില്‍ കുറിച്ചു.
ഇറാന് പ്രതിരോധ മേഖലയില്‍ പ്രധാന സ്ഥാനങ്ങള്‍ കൈകാര്യം ചെയ്ത വ്യക്തിയാണ് അക്ബറി. പ്രതിരോധ-വിദേശകാര്യ വകുപ്പുകളില്‍ സഹമന്ത്രിയായും ഇറാന് സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗമായും അക്ബറി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇറാന് സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങള്‍ പുറത്തുവിട്ട അക്ബറിയുടെ കുറ്റസമ്മത വീഡിയോയില്‍, താന്‍ ബ്രിട്ടണുവേണ്ടി ചാരവൃത്തി ചെയ്തതായി അദ്ദേഹം സമ്മതിക്കുന്നുണ്ട്. 2019ലാണ് അക്ബറിയെ ഇറാന് അറസ്റ്റ് ചെയ്തത്. ഇസ്രയേലിന് വേണ്ടി ചാരപ്രവൃത്തി നടത്തിയെന്ന് ആരോപിച്ച് ഡിസംബറില്‍ നാലുപേരെ ഇറാന് വധശിക്ഷയ്ക്ക് വിധേയരാക്കിയിരുന്നു.