ശബരിമല: മകരവിളക്കിനൊരുങ്ങി സന്നിധാനം, പുണ്യ ദർശനം കാത്ത് ഭക്തസഹസ്രങ്ങൾ. മകരവിളക്ക് ദർശനത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, സന്നിധാനം തീർത്ഥാടകരാൽ നിറഞ്ഞു. ശബരിമല സന്നിധാനവും പരിസരവും മാത്രമല്ല മകരജ്യോതി ദൃശ്യമാകുന്ന എല്ലായിടത്തും അയ്യപ്പ ഭക്തർ തമ്പടിച്ചിരിക്കുകയാണ്. വൈകിട്ട് 6.30ന് ദീപാരാധനയ്ക്കുശേഷം മകരവിളക്കുംകണ്ട് തീർഥാടകർ മലയിറങ്ങും.
തിരുവാഭരണ വിഭൂഷിതനായ അയ്യപ്പ സ്വാമിയെ തൊഴാനും ജ്യോതി ദർശിച്ച് സായൂജ്യം നേടാനുമായി സന്നിധാനത്തും പരിസരത്തും മാത്രം ഒരു ലക്ഷത്തിലധികം ഭക്തർ തമ്പടിച്ചിട്ടുണ്ട്. പത്തിലധികം കേന്ദ്രങ്ങളിൽ നിന്ന് മകരവിളക്ക് കാണാൻ സൗകര്യമുണ്ട്. സുരക്ഷക്ക് 2000 പൊലീസുകാരെയാണ് പമ്പ മുതൽ സന്നിധാനം വരെ വിന്യസിച്ചിരിക്കുന്നത്. തിരുവഭരണ ഘോഷയാത്ര വരുന്നതിനാൽ ഉച്ചക്ക് 12 മണിക്ക് ശേഷം പമ്പയിൽ നിന്ന് തീർത്ഥാടകരെ കടത്തിവിടില്ല. തീർഥാടകർക്ക് 19 വരെയാണ് ദർശനം. തീർഥാടനത്തിനു സമാപനം കുറിച്ച് 20ന് രാവിലെ 6.30ന് ക്ഷേത്രനട അടയ്ക്കും.