CrimeNEWS

തട്ടിപ്പ് വീരന്‍ സ്വാമി നിത്യാനന്ദയുടെ തടങ്കലിൽനിന്ന് പെൺമക്കളെ വിട്ട് കിട്ടണമെന്ന അച്ഛന്‍റെ ഹർജി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ വിമർശിച്ച് ഗുജറാത്ത് ഹൈക്കോടതി

ഗാന്ധിനഗര്‍: രാജ്യം വിട്ട തട്ടിപ്പ് വീരന്‍ സ്വാമി നിത്യാനന്ദയുടെ തടങ്കലിൽ നിന്ന് പെൺ മക്കളെ വിട്ട് കിട്ടണമെന്ന അച്ഛന്‍റെ ഹർജിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ വിമർശിച്ച് ഗുജറാത്ത് ഹൈക്കോടതി. 2019  -ലാണ് തന്‍റെ രണ്ട് പെൺമക്കളും നിത്യാനന്ദയുടെ കസ്റ്റഡിയിലാണെന്ന് കാണിച്ച് അച്ഛൻ കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകുന്നത്. എന്നാല്‍ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും കേന്ദ്ര അഭ്യന്തര മന്ത്രാലയം അടക്കം ഉത്തരവാദപ്പെട്ടവർ കോടതിയില്‍ സത്യവാങ് മൂലം പോലും ഇതുവരെ നൽകിയില്ല.

ഉത്തരവാദപ്പെട്ടവരെല്ലാം കർത്തവ്യം മറക്കുകയാണെന്നും കോടതി വിമർശിച്ചു. കേസുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും സമർപ്പിക്കാമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. കേസിൽ ആഭ്യന്തരമന്ത്രാലയം ഉടൻ സത്യവാങ്ങ്മൂലം സമർപ്പിക്കണമെന്നും ജസ്റ്റിസ് എൻ.വി.അഞ്ജരിയ, ജസ്റ്റിസ് നിരാൽ ആർ.മേത്ത എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ നിരവധി കേസുകളില്‍ പ്രതിയായതോടെ 2019 ല്‍ നിത്യാനന്ദ രാജ്യം വിട്ടു. തൊട്ട് പുറകെ സ്വന്തമായി പുതിയ രാജ്യം പ്രഖ്യാപിച്ച  നിത്യാനന്ദ ഇതുവരെ കണ്ടെത്താന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. ഇതിനിടെ ഇയാളുടെ പാസ്പോര്‍ട്ട് റദ്ദാക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Signature-ad

നിത്യാനന്ദ വെബ്സൈറ്റ് തുറന്ന് പുതിയ രാജ്യം പ്രഖ്യാപിച്ച നടപടിയില്‍ പ്രതികരണം അർഹിക്കുന്നില്ലെന്നായിരുന്നു അന്ന് വിദേശകാര്യവക്താവ് രവീഷ് കുമാർ പറഞ്ഞത്. എന്നാല്‍, രാജ്യത്ത് നിരവധി കേസുകളില്‍ പ്രതിയായ ഇയാളെ തിരിച്ച് കൊണ്ട് വന്ന് വിചാരണയ്ക്ക് വിധേയനാക്കാനുന്നതിനുള്ള ശ്രമങ്ങളൊന്നും തന്നെ കേന്ദ്രസര്‍ക്കാര്‍ നടത്തിയില്ല. പീഡനക്കേസില്‍ അടക്കം ഇന്ത്യയില്‍ അന്വേഷണം നേരിടുന്ന നിത്യാനന്ദ നിലവില്‍ വിദേശത്താണെന്നാണ് വിവരം. എന്നാല്‍ വിദേശത്ത് എവിടെ എന്നതിനും അന്വേഷണ ഏജന്‍സികള്‍ക്ക് ഉത്തരമില്ല. ഇതിനിടയില്‍ 2019 ല്‍ ഇയാള്‍ പാസ്പോര്‍ട്ട് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് പുതുക്കാനായി അപേക്ഷിച്ചത്. അപേക്ഷ കേന്ദ്ര വിദേശകാര്യ മന്ത്രാലയം തള്ളി.

പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പാസ്പോര്‍ട്ട് റദ്ദാക്കിയതെന്നാണ് വിദേശകാര്യമന്ത്രാലയം വിശദീകരിച്ചത്. നിത്യാനന്ദ സ്വന്തമായി രാജ്യമുണ്ടാക്കിയെന്ന വാര്‍ത്ത സംബന്ധിച്ച ചോദ്യത്തിന് സ്വന്തമായി വെബ്‍സൈറ്റ് ഉണ്ടാകുന്നത് പോലെയല്ല ഒരു രാജ്യമുണ്ടാകുന്നത് എന്നായിരുന്നു അന്ന് രവീഷ് കുമാര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ മറുപടി. നിത്യാനന്ദ എവിടെയാണുള്ളതെന്ന കാര്യം അറിയില്ലെന്നും ഇതേക്കുറിച്ച് വിദേശരാജ്യങ്ങളില്‍ നിന്നും അറിയിപ്പ് പ്രതീക്ഷിക്കുന്നതായും രവീഷ് കുമാര്‍ വ്യക്തമാക്കി. ഇടയ്ക്ക് ഇയാള്‍ ഇക്വഡോറില്‍ ഉണ്ടെന്ന് വാര്‍ത്ത വന്നിരുന്നെങ്കിലും ഇക്വഡോര്‍ ഇത് നിഷേധിച്ചിരുന്നു. അതിനിടെ സാമ്പത്തിക തട്ടിപ്പുക്കേസില്‍ നിത്യാനന്ദയ്ക്കെതിരെ ഫ്രഞ്ച് ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയതായുള്ള വാര്‍ത്തകളും പുറത്ത് വന്നിരുന്നു.

Back to top button
error: