കോട്ടയം: സഹകരണ ജീവനക്കാരെ പറഞ്ഞു പറ്റിച്ച സര്‍ക്കാരാണ് സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്നത് എന്ന് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ (കെ.സി.ഇ.സി- എ.ഐ.ടി.യു.സി) ജനറല്‍ സെക്രട്ടറി വിത്സന് ആന്റണി. സാമൂഹിക സുരക്ഷാ പെന്ഷന് വിതരണം ചെയ്യുന്ന സഹകരണ ജീവനക്കാരുടെ ഇന്‍സന്റീവ് മുന്‍കാല പ്രാബല്യത്തോടെ വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെ.സി.ഇ.സി. കോട്ടയം ജില്ലാ കമ്മിറ്റി ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഡിസം. അഞ്ചിന് സംസ്ഥാന ധന, സഹകരണ വകുപ്പ് മന്ത്രിമാര്‍ ജീവനക്കാരുടെ സംഘടനാ പ്രതിനിധികള്‍ക്ക് നല്കിയ ഉറപ്പിന്റെ പച്ചയായ ലംഘനമാണ് ഇന്‍സന്റീവ് മുന്‍കാല പ്രാബല്യത്തോടെ വെട്ടിക്കുറച്ച് കൊണ്ടുള്ള ഉത്തരവ്. ലോകത്തെ ഏറ്റവും ജനവിരുദ്ധരായ ഭരണാധികാരികള്‍ പോലും ചെയ്യാന്‍ മടിക്കുന്ന നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ െകെക്കൊണ്ടത്. ജീവനക്കാര്‍ ചെയ്ത ജോലിക്ക് കൂലി നല്‍കില്ല എന്ന നിലപാട് ഇടതുപക്ഷ വിരുദ്ധമാണ്. സര്‍ക്കാരിന്റെ ഏറ്റവും മികച്ച ജനക്ഷേമ പ്രവര്‍ത്തനത്തിന്റെ ശോഭ കെടുത്തുന്ന ഈ നടപടിയില്‍നിന്നും സര്‍ക്കാര്‍ അടിയന്തരമായി പിന്തിരിയണമെന്നും കുടിശിക സഹിതം ഇന്‍സന്റീവ് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും വിത്സന് ആന്റണി ആവശ്യപ്പെട്ടു.
യൂണിയന് ജില്ലാ പ്രസിഡന്റ് അബ്ദുള്‍ ഹാരിസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആര്. ബിജു, എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി അഡ്വ. വി.കെ. സന്തോഷ് കുമാര്‍, ടി.സി. ബിനോയ്, കെ.സി.ഇ.സി. സംസ്ഥാന സെക്രട്ടറി എം.ജി. ജയന്, മനു സിദ്ധാര്ത്ഥന്, ബിജു കൊടൂര്, ദീപു ജേക്കബ്, എം.എസ്. അശോക് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വാസന പ്രസന്നന്, രാജുമോന്, കെ. പ്രിയമ്മ, കെ.എന്‍. രേണുക, കെ. ശ്രീകാന്ത്, അനില്‍കുമാര്‍, പി.സി. രാധാകൃഷ്ണന്, സുജിത്ത്, ജിജേഷ് എന്നിവര്‍ മാര്‍ച്ചിനും ധര്‍ണയ്ക്കും നേതൃത്വം നല്കി.