കൊല്ലം: വിഷം കുടിക്കാൻ വിധിക്കപ്പെട്ട മലയാളികൾ, പാലിലും രാസവസ്തുക്കൾ കലർത്തി തട്ടിപ്പ്. രാസവസ്തുക്കൾ കലർത്തി മായം ചേർത്ത് തമിഴ്നാട്ടിൽനിന്നു കേരളത്തിലേക്കു കൊണ്ടുവന്ന പാൽ അതിർത്തിയിലെ പരിശോധനയിൽ പിടികൂടി. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് ടാങ്കറിൽ കൊണ്ടുവന്ന, ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയ 15300 ലിറ്റർ പാലാണ് കൊല്ലം ആര്യങ്കാവിൽ പിടികൂടിയത്. ആര്യങ്കാവ് ചെക് പോസ്റ്റിന് സമീപം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരാണ് പാൽ പിടികൂടിയത്.
ഇന്ന് രാവിലെ മൃഗസംരക്ഷണ വകുപ്പ് പരിശോധനയിലാണ് ടാങ്കറിൽ കൊണ്ടുവരികയായിരുന്ന പാൽ പിടികൂടിയത്. തമിഴ്നാട്ടിൽ നിന്ന് കൊല്ലത്തേക്ക് ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴിയാണ് പാൽ കൊണ്ടുവന്നത്. പിടിച്ചെടുത്ത പാൽ ആരോഗ്യവകുപ്പിന് കൈമാറും.
പത്തനംതിട്ടയിലെ പന്തളത്തുള്ള ഒരു കമ്പനിയിലേക്ക് കൊണ്ടുവന്ന പാലാണ് എന്നാണ് മൃഗസംരക്ഷണ വകുപ്പ് നൽകുന്ന വിവരം. ആരോഗ്യവകുപ്പിന്റെ പരിശോധനയ്ക്ക് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. പാൽ ഏറെ നാൾ കേട് കൂടാതെ ഇരിക്കാൻ വേണ്ടിയാണ് ഹൈഡ്രജൻ പെറോക്സൈഡ് ചേർക്കുന്നത്. ഛർദ്ദി, വയറിളക്കം പോലുള്ള രോഗങ്ങൾക്ക് ഇതു കാരണമാകും. പാലിന്റെ ഗുണമേന്മ പരിശോധിക്കാനുള്ള സംവിധാനം നിലവിൽ മീനാക്ഷിപുരം ചെക്പോസ്റ്റിൽ മാത്രമാണുള്ളത്. മറ്റ് ചെക്പോസ്റ്റുകളിലും ഏർപ്പെടുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്.
കഴിഞ്ഞ ഓഗസ്റ്റിലും തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്കു കടത്താൻ ശ്രമിച്ച മായം കലർത്തിയ 12,700 ലീറ്റർ പാൽ മീനാക്ഷിപുരം ക്ഷീര വികസന വകുപ്പിന്റെ ചെക്പോസ്റ്റിൽ പിടികൂടിയിരുന്നു. അന്ന് പാലിൽ കൊഴുപ്പ് വർധിപ്പിക്കാൻ യൂറിയ ചേർത്തതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. കൃഷ്ണഗിരിയിൽ നിന്നു തൃശൂരിലേക്കു പോയ ടാങ്കറാണ് അന്നു പിടികൂടിയത്. ഭക്ഷ്യ വസ്തുക്കളിൽ മായം ചേർക്കുന്നത് ഒരു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. മാരകമായ രാസവസ്തുക്കൾ ചേർത്തതായി കണ്ടെത്തിയാൽ ശിക്ഷ കൂടും.