KeralaNEWS

ജീവനക്കാർ പട്ടിണിയിൽ; കണ്ണ് തുറക്കാതെ മാനേജ്മെന്റ്, കെ.എസ്.ആര്‍.ടി.സി ശമ്പളസമരം ഏറ്റെടുക്കാൻ യു.ഡി.എഫ് 

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളം അടിയന്തരമായി വിതരണം ചെയ്തില്ലെങ്കില്‍ സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഡിസംബര്‍ മാസത്തിലെ ശമ്പളം വിതരണം ചെയ്യാത്തില്‍ പ്രതിഷേധിച്ച് ടി.ഡി.എഫ് ചീഫ് ഓഫീസ് നടയില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന്റെ നാലാം ദിവസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബറില്‍ 225 കോടിയുടെ റെക്കോര്‍ഡ് വരുമാനം ഉണ്ടായിട്ടും ശമ്പളം മുടക്കുന്നത് സര്‍ക്കാരും മാനേജ്‌മെന്റും ഉണ്ടാക്കുന്ന കൃത്രിമ പ്രതിസന്ധിയുടെ ഭാഗമാണെന്നും, ജീവനക്കാരെ വിശ്വാസത്തിലെടുത്ത് ചേര്‍ത്ത് നിര്‍ത്തുന്നതിന് പകരം അവരെ ശത്രുപക്ഷത്ത് നിര്‍ത്തുന്നത് യു.ഡി.എഫ് നേതൃത്വം ഗൗരവമായി കാണുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പുതിയ ബസുകള്‍ വാങ്ങാത്തതും റൂട്ടുകള്‍ സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കുകയും ചെയ്യുന്നത് സംസ്ഥാന സര്‍ക്കാരിന്റെ പൊള്ളത്തരം തുറന്നു കാട്ടുന്നതാണെന്നും അദ്ദേഹം അറിയിച്ചു. റ്റി.ഡി.എഫ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് എം. വിന്‍സെന്റ് എം.എല്‍.എ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന നേതാക്കളായ ഡി. അജയകുമാര്‍, സന്തോഷ് കുര്യന്‍, മനോജ് ലാക്കയില്‍, എം.വി.ലാല്‍, ഷൗക്കത്തലി, ശ്രീകുമാര്‍, ആര്‍.എല്‍.രാജീവ്, ജയകുമാരി, പ്രദീപ്കുമാര്‍, എ.എന്‍.രാജേഷ് എന്നിവരും മറ്റു സംസ്ഥാന ജില്ലാ ഭാരവാഹികളും പങ്കെടുത്തു. വെള്ളിയാഴ്ച മുതല്‍ റ്റി.ഡി.എഫ് സംസ്ഥാന നേതാക്കളായ എസ്.കെ. മണി, ബിജു ജോണ്‍ എന്നിവരാണ് അനിശ്ചിതകാല നിരാഹാരത്തിലുള്ളത്.

Back to top button
error: