കോട്ടയം: സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നടത്തുന്ന സഹകരണ ബാങ്ക് ജീവനക്കാരുടെ ഇൻസന്റീവ് മുൻ കാല പ്രാബല്യത്തോടെ വെട്ടിക്കുറക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേരള കോ-ഓപ്പറേറ്റീവ് എംപ്പോയീസ് കൗൺസിൽ (കെ.സി.ഇ.സി- എ.ഐ.ടി.യു.സി) സമരത്തിന്. ഇതിന്റെ ഭാഗമായി കെ.സി.ഇ.സി. ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച ജോയിന്റ് രജിസ്ട്രാർ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് യൂണിയൻ ജില്ലാ സെക്രട്ടറി ആർ. ബിജു, പ്രസിഡന്റ് അബ്ദുൾ ഹാരിസ് എന്നിവർ അറിയിച്ചു.
സർക്കാർ അനുവദിക്കുന്ന ക്ഷേമ പെൻഷനുകൾ കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ കാലം മുതലാണ് സഹകരണ ബാങ്ക് ജീവനക്കാർ വഴി അർഹരായവരുടെ വീടുകളിൽ എത്തിച്ച് നൽകുന്ന സംവിധാനം ആരംഭിച്ചത്. ഇതിന് 50 രൂപ നിരക്കിൽ ബാങ്കുകൾക്ക് ഇൻസന്റീവും നൽകി വന്നിരുന്നു. 2021 നവംബർ മാസം മുതൽ ഇത് കുടിശികയും ആയിരുന്നു. ഇൻസന്റീവ് ലഭിക്കാതിരിക്കുമ്പൊഴും മുടക്കം കൂടാതെ പെൻഷൻ വിതരണം നടത്തിവരുന്ന ജീവനക്കാരോടുള്ള വഞ്ചനയാണ് മുൻ കാല പ്രാബല്യത്തോടെ ഇൻസന്റീവ് വെട്ടിക്കുറക്കാനുള്ള തീരുമാനം. തൊഴിലാളിവിരുദ്ധമായ ഈ തീരുമാനത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും കുടിശിക തുക വിതരണത്തിന് അടിയന്തിര നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ടാണ് സമരം എന്ന് നേതാക്കൾ പറഞ്ഞു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് നടക്കുന്ന സമരം കെ.സി.ഇ.സി. ജനറൽ സെക്രട്ടറി വിത്സൻ ആന്റണി ഉദ്ഘാടനം ചെയ്യും.