ന്യൂഡല്‍ഹി: കെ.വൈ.സി. പുതുക്കാൻ ഇനി ബാങ്കിൽ നേരിട്ട് ചെല്ലേണ്ടതില്ലെന്നു റിസർവ് ബാങ്ക്. തിരിച്ചറിയല്‍ രേഖയിലെ വിവരങ്ങളില്‍ മാറ്റമില്ലെങ്കില്‍ ബാങ്കുകളിലെ കെ.വൈ.സി. പുതുക്കല്‍ നടപടിക്രമം പൂര്‍ത്തിയാക്കാന്‍ ബാങ്കില്‍ നേരിട്ട് വരേണ്ടതില്ലെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചത്. പകരം ഇ-മെയില്‍, ഫോണ്‍, എടിഎം, നെറ്റ് ബാങ്കിങ് എന്നിവ വഴി സ്വയം സാക്ഷ്യപ്പെടുത്തല്‍ നടത്തിയാല്‍ മതിയെന്നും റിസര്‍വ് ബാങ്കിന്റെ നിര്‍ദേശത്തില്‍ പറയുന്നു. കെ.വൈ.സി. പുതുക്കലിന് ആളുകള്‍ ശാഖകളില്‍ നേരിട്ടെത്തണമെന്ന ബാങ്കുകളുടെ നിബന്ധനയെച്ചൊല്ലി പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് റിസര്‍വ് ബാങ്ക് ഇടപെടല്‍.
ബാങ്കില്‍ നല്‍കിയിരിക്കുന്ന രേഖകളുമായി നിലവിലെ രേഖകള്‍ പൊരുത്തപ്പെടുന്നില്ലെങ്കില്‍ മാത്രമാണ് കെ.വൈ.സി. പുതുക്കാന്‍ ആവശ്യപ്പെടേണ്ടത്. നേരത്തെ നല്കിയ രേഖകളുടെ കാലാവധി തീര്‍ന്നാലും കെ.വൈ.സി. പുതുക്കാന്‍ ആവശ്യപ്പെടാവുന്നതാനിന്നും റിസർവ് ബാങ്കിന്റെ നിർദേശത്തിൽ പറയുന്നു.