KeralaNEWS

പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല: മലയാളി വിദ്യാര്‍ഥി വീട്ടില്‍ മരിച്ചനിലയില്‍

കോഴിക്കോട്: ചെന്നൈ എസ്.ആര്‍.എം കോളജിലെ റെസ്പിറേറ്റീവ് തെറപ്പി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖ് (19) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെ വീടിനുള്ളില്‍ ആനിഖിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുന്നത്. ഇന്നലെ ചെന്നൈയിലേക്ക് മടങ്ങാരിക്കുകയായിരുന്നു. എന്നാല്‍, താന്‍ വരുന്നില്ലെന്ന് ആനിഖ് കൂട്ടുകാരെ അറിയിച്ചുവെന്നാണ് വിവരം. പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതിന്റെ വിഷമത്തില്‍ വിദ്യാര്‍ഥി ജീവനൊടുക്കിയതാണെന്നു കുടുംബം ആരോപിച്ചു.

ഹാജര്‍ ഇല്ലാത്തതിനാല്‍ പരീക്ഷ എഴുതാന്‍ സമ്മതിക്കില്ലെന്ന് കോളജ് അധികൃതര്‍ മുഹമ്മദ് ആനിഖിനോട് പറഞ്ഞു എന്നാണ് സഹപാഠികള്‍ പറയുന്നത്. തിങ്കളാഴ്ച ഒന്നാം സെമസ്റ്റര്‍ പരീക്ഷ തുടങ്ങാനിരിക്കെയാണ് സംഭവം. പരീക്ഷാഫീസ് വാങ്ങിയിട്ടും പരീക്ഷയെഴുതാന്‍ അനുവദിച്ചില്ലെന്നും ഈ നിരാശയിലാണു ആനിഖ് ജീവനൊടുക്കിയതെന്നും ബന്ധുക്കള്‍ പറയുന്നു.

Signature-ad

പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ സെമസ്റ്റര്‍ നഷ്ടപ്പെടുമെന്ന് ഓര്‍ത്ത് മുഹമ്മദ് ആനിഖ് വല്ലാതെ അസ്വസ്ഥനായിരുന്നു. ഡിസംബര്‍ പകുതിയോടെ ആണ് മുഹമ്മദ് ആനിഖ് കോളജില്‍ നിന്ന് വീട്ടില്‍ അവധിക്കായി എത്തിയത്. ആസ്തമ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ അലട്ടിയിരുന്ന മുഹമ്മദ് ആനിഖിന് പലപ്പോഴും ക്ലാസില്‍ ഹാജരാകാന്‍ സാധിച്ചിരുന്നില്ല.

ഇതായിരിക്കാം ഹാജര്‍ നിലയെ ബാധിച്ചത് എന്നാണ് നാട്ടുകാരും സഹപാഠികളും പറയുന്നത്. അതേസമയം, മുഹമ്മദ് ആനിഖിന്റെ ആത്മഹത്യയില്‍ അസ്വാഭാവിക മരണത്തില്‍ നടക്കാവ് പോലീസ് കേസെടുത്തിട്ടുണ്ട്. മുഹമ്മദ് ആനിഖിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Back to top button
error: