പട്ന: ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ചുള്ള ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രസ്താവന വിവാദത്തിൽ. സ്ത്രീകൾക്ക് ശരിയായ വിദ്യാഭ്യാസം ലഭിക്കാത്തതിനാലും പുരുഷൻമാരുടെ അശ്രദ്ധ മൂലവും സംസ്ഥാനത്തെ ജനസംഖ്യ നിയന്ത്രണത്തിലാകില്ലെന്ന് അദ്ദേഹം പറഞ്ഞതാണ് വിവാദമായിരിക്കുന്നത്.
ശനിയാഴ്ച നടന്ന സമാധാന യാത്രയ്ക്കിടയിൽ വൈശാലിയിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു നിതീഷ് കുമാറിന്റെ പരാമർശം. “സ്ത്രീകൾ പഠിച്ചാൽ തന്നെ പ്രത്യുൽപാദന നിരക്ക് കുറയും. ഇതാണ് യാഥാർത്ഥ്യം. ഇന്നത്തെ കാലത്ത് സ്ത്രീകൾ വിദ്യാഭ്യാസമുള്ളവരല്ല. എല്ലാ ദിവസവും കുഞ്ഞുങ്ങൾക്ക് ജന്മം നൽകേണ്ട കാര്യമില്ലെന്നത് പുരുഷൻമാർ മനസ്സിൽ സൂക്ഷിക്കുന്നില്ല” നിതീഷ് കുമാർ പറഞ്ഞു. സ്ത്രീകൾ മെച്ചപ്പെട്ട വിദ്യാഭ്യാസം നേടിയിരുന്നെങ്കിൽ അല്ലെങ്കിൽ അവർ ബോധവതികളായിരുന്നെങ്കിൽ ഗർഭിണിയാകുന്നതിൽ നിന്ന് സ്വയം എങ്ങനെ സംരക്ഷിക്കാമെന്ന് അവർക്ക് അറിയാമായിരുന്നു. പുരുഷന്മാർ അശ്രദ്ധരാണ്, സ്ത്രീകൾക്ക് വേണ്ടത്ര വിദ്യാഭ്യാസം ലഭിക്കാത്തതിനാൽ അവർക്ക് കാലിടറും, ജനസംഖ്യാ വർദ്ധനവ് തടയാനും കഴിയില്ല. അദ്ദേഹം കൂട്ടിച്ചേർത്തു.
അശ്ലീലം പറയുകയും സംസ്ഥാനത്തിന്റെ പ്രതിച്ഛായ മോശമാക്കുകയും ചെയ്തെന്നാണ് ബിഹാർ മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരായ പ്രതിപക്ഷ ആരോപണം. സംസ്ഥാനത്തെ ജനസംഖ്യാ നിരക്ക് വിശദീകരിക്കാൻ അനുചിതമായ ഭാഷ ഉപയോഗിച്ചതിലൂടെ അദ്ദേഹം മുഖ്യമന്ത്രി പദത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുന്നു എന്നാണ് ബിജെപി പ്രതികരിച്ചത്. പൊതുസ്ഥലത്ത് അസഭ്യവും അപകീർത്തികരവുമായ പദപ്രയോഗം നടത്തിയെന്ന് ആരോപിച്ച് ബിഹാർ പ്രതിപക്ഷ നേതാവ് സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിക്കെതിരെ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. “മുഖ്യമന്ത്രി മിസ്റ്റർ നിതീഷ് കുമാർ ഉപയോഗിച്ച അസഭ്യമായ വാക്കുകൾ വിവരക്കേടിന്റെ അങ്ങേയറ്റമാണ്. ഇത്തരം വാക്കുകൾ ഉപയോഗിച്ച് അദ്ദേഹം മുഖ്യമന്ത്രി പദവിയുടെ അന്തസ്സിനു കളങ്കം വരുത്തുകയാണെന്നും ചൗധരി ട്വീറ്റ് ചെയ്തു.