തലശേരി: കെെയെഴുത്തിലും വരയിലും രാജ്യാന്തരതലത്തിൽ ശ്രദ്ധേയയായ ശ്രദ്ധ പ്രകാശ് എന്ന 14 കാരി വേറിട്ട മേഖലകളിലും മാറ്റുരക്കാൻ തയ്യാറെടുക്കുകയാണ്. വടക്കുമ്പാട് പാറക്കെട്ടിൽ ‘സ്വേത നിവാസി’ൽ ശ്രദ്ധ പ്രകാശ് മികവ് തെളിയിക്കാത്ത മേഖലകൾ ചുരുക്കം. ചിത്രകല, കായികം, അഭിനയം എന്നിങ്ങനെ തൊട്ടതെല്ലാം പൊന്നാക്കുന്ന ഈ കൗമാരക്കാരി സേക്രഡ് ഹാർട്ട് ഗേൾസ് എച്ച്.എസ്.എസ്സിലെ ഒമ്പതാംക്ലാസ് വിദ്യാർഥിനിയാണ്.
അമേരിക്കൻ ഹാൻഡ് റെെറ്റിങ് കോംപറ്റീഷനും വേൾഡ് ഹാൻഡ് റെെറ്റിങ് അച്ചീവ്മെന്റ് കോൺടെസ്റ്റും ഒക്ടോബറിൽ നടത്തിയ ലോക കെെയക്ഷര മത്സരത്തിൽ 58 രാജ്യങ്ങളിലെ മത്സരാർഥികൾക്കൊപ്പം മാറ്റുരച്ച് രണ്ടാം സ്ഥാനം നേടി. ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായി രാജ്യാന്തരതലത്തിൽ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച സ്റ്റാമ്പ് ഡിസെെനിൽ ദേശീയ ജേതാവായി.
ഐ.എസ്.ആർ.ഒ നടത്തിയ സംസ്ഥാന വാട്ടർ കളർ മത്സരത്തിലും, ഊർജ സംരക്ഷണത്തിന്റെ ഭാഗമായി കേന്ദ്ര ഊർജ വകുപ്പ് നടത്തിയ വാട്ടർ കളർ മത്സരത്തിലും സംസ്ഥാനതലത്തിൽ ഒന്നാമതായി. ചെറുതും വലുതുമായ നേട്ടങ്ങളുടെ ഒരു പട്ടികതന്നെ തന്നെയുണ്ട് ശ്രദ്ധയ്ക്ക് പറയാൻ.
ലഹരിക്കെതിരെ ഡയറ്റും സ്കൂൾ വിദ്യാഭ്യാസ വകുപ്പും നടത്തിയ ഹ്രസ്വ ചിത്ര മത്സരത്തിൽ നായികാ കഥാപാത്രമായി തിളങ്ങിയ ശ്രദ്ധ അഭിനയ രംഗത്തും ചുവടുറപ്പിച്ചു. കണ്ണൂരിലെ ഗീതാഞ്ജലിയിൽനിന്നാണ് ചിത്രകലയിൽ പരിശീലനം നേടിയത്. ഇപ്പോൾ ജില്ലാ ഹോക്കി മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ്. ‘സ്വേത നിവാസി’ൽ പ്രകാശന്റെയും പ്രസീനയുടെയും മകളാണ്. സഹോദരി: സ്വേത.