കൊല്ലം: കാണാതായ യുവതിയെ കൊല്ലം ചെമ്മാംമുക്കിന് സമീപത്തെ റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതക സാദ്ധ്യത പരിശോധിച്ച് പോലീസ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ അറിയിച്ചു.
യുവതിയുടെ ശ്വാസനാളത്തില്‍ എന്തോ കുടുങ്ങിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കൊറ്റങ്കര മാമൂട് പുളിമൂട്ടില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഉമ പ്രസന്നനെ (32)യാണ് കഴിഞ്ഞ ദിവസമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
അതേസമയം, കേസില്‍ അറസ്റ്റിലായ അഞ്ചല്‍ സ്വദേശി നാസുവുമായി (24) പൊലീസ് തെളിവെടുപ്പ് നടത്തി. കൊല്ലം ബീച്ചിലും യുവതിയുടെ മൃദേഹം കണ്ടെത്തിയ സ്ഥലത്തുമാണ് തെളിവെടുപ്പ് നടത്തിയത്. പോക്സോ കേസിലടക്കം പ്രതിയാണ് ഇയാള്‍.
കഴിഞ്ഞ മാസം 29 ന് കൊല്ലം ബീച്ചില്‍ യുവതിയെ പരിചയപ്പെട്ടുവെന്നാണ് യുവാവ് പോലീസിനു നല്‍കിയിരിക്കുന്ന മൊഴി. ബീച്ചില്‍വച്ച് പരിചയപ്പെട്ട യുവതിയെ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തിലേക്കു കൂട്ടിക്കൊണ്ടുപോയതായും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇവിടെവച്ച് ഇവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ യുവതിക്ക് അപസ്മാരം വന്നുവെന്നും ഇതേത്തുടര്‍ന്ന് ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നും ഇയാള്‍ പോലീസിനോടു പറഞ്ഞു. യുവതിയുടെ ശരീരത്തില്‍ ബ്ലേഡുപയോഗിച്ച് മുറിവുണ്ടാക്കിയതായും ഇയാള്‍ മൊഴി നല്‍കി. ഡിസംബര്‍ 29 മുതലാണ് കേരളാപുരം സ്വദേശിയായ യുവതിയെ കാണാതായത്.
ക്വാര്‍ട്ടേഴ്‌സിന്റെ പിറകിലത്തെ മുറിയില്‍ നിലത്ത് കിടക്കുന്ന നിലയിലായിരുന്നു യുവതിയുടെ മൃദേഹം. പൂര്‍ണ നഗ്‌നമായ മൃദേഹത്തിന്റെ തലയുടെ ഇടത് ഭാഗത്തും വലത് മാറിന് താഴെയുമായി പത്ത് സെന്റിമീറ്റര്‍ നീളത്തിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. തറയില്‍ രക്തം വാര്‍ന്ന് ഉണങ്ങിപ്പിടിച്ചിട്ടുണ്ട്.
ബുധനാഴ്ച രാവിലെ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍നിന്നും ദുര്‍ഗന്ധം വന്നതോടെ പ്രദേശവാസികള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചില വസ്ത്രഭാഗങ്ങള്‍ മാത്രമാണ് മൃതദേഹത്തിന് സമീപത്തുണ്ടായിരുന്നത്. കൊല്ലം ബീച്ചില്‍ യുവതിയെത്തിയെന്ന് പോലീസ് കണ്ടെത്തിയിരുന്നുവെങ്കിലും മറ്റു തുമ്പുകളൊന്നും ലഭിക്കാതിരുന്നതോടെ അന്വേഷണം വഴിമുട്ടിയ നിലയിലായിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.