NEWS

സുഹൃത്തിനെ കൊന്ന് സ്വന്തം മരണം ചിത്രീകരിച്ച് നാട്ടുകാരെയും ബന്ധുക്കളെയും പറ്റിച്ചു; കാമുകിയുമായി നാടുവിട്ട ‘സുകുമാരക്കുറുപ്പ്’ ഒടുവിൽ പിടിയിലായി

മുംബൈ: സുഹൃത്തിനെ കൊന്ന് സ്വന്തം മരണം ചിത്രീകരിച്ച് നാട്ടുകാരെയും ബന്ധുക്കളെയും പറ്റിച്ച ശേഷം കാമുകിയുമായി നാടുവിട്ട മഹാരാഷ്ട്രയിലെ ‘സുകുമാരക്കുറുപ്പ്’ ഒടുവിൽ പിടിയിലായി. കാമുകിയെ സ്വന്തമാക്കാന്‍ സുഹൃത്തിനെ കൊലപ്പെടുത്തി സ്വന്തം മരണം ചിത്രീകരിച്ച മധ്യവയസ്‌കനാണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബര്‍ 16-ന് പുനെയിലെ വിദൂരഗ്രാമമായ ചര്‍ഹോളി ഖുര്‍ദിലാണ് സുകുമാരക്കുറുപ്പിന്റെ കഥയെ വെല്ലുന്ന സംഭവം നടന്നത്. ഒറ്റ നോട്ടത്തില്‍ അപകടമെന്നു തോന്നിയേക്കാവുന്ന മരണത്തിന്റെ ചുരുളഴിഞ്ഞത് കര്‍ഷകനെ കാണാതായെന്നു കുടുംബം നല്‍കിയ പരാതിയെത്തുടര്‍ന്നുള്ള പോലീസ് അന്വേഷണത്തില്‍!

ചര്‍ഹോളി ഖുര്‍ദ് ഗ്രാമത്തിലെ കര്‍ഷക തൊഴിലാളിയായ സുഭാഷ് എന്ന് അറിയപ്പെടുന്ന കെര്‍ബ ത്രോവ്(58) ആണ് അറസ്റ്റിലായത്. ഇയാളുടെ സുഹൃത്ത് രവീന്ദ്ര ഖേനന്ദ്(48) ആണു കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: രണ്ടു കുട്ടികളുടെ പിതാവായ സുഭാഷിന് അയല്‍ഗ്രാമത്തിലുള്ള ഒരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നു. ഇവരോടൊപ്പം ഒളിച്ചോടി മറ്റൊരു സ്ഥലത്തുപോയി പുതിയ ജീവിതം തുടങ്ങാന്‍ സുഭാഷ് ആഗ്രഹിച്ചു. ഇതിനായി സുഭാഷ് സ്വന്തം മരണം വ്യാജമായി സൃഷ്ടിക്കുകയായിരുന്നു. താന്‍ മരിച്ചെന്ന് നാട്ടുകാരയെും വീട്ടുകാരെയും വിശ്വസിപ്പിച്ച് കാമുകിയുമായി നാടുവിടുകയായിരുന്നു സുഭാഷിന്റെ പദ്ധതി. അതിനായി, ഡിസംബര്‍ 16-ന് അയല്‍ഗ്രാമത്തിലുള്ള തന്റെ സുഹൃത്ത് രവീന്ദ്ര ഖേനന്ദിനെ വയലിലെത്തിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. രവീന്ദ്രയെ വയലിലേക്ക് കൂട്ടിക്കൊണ്ടു വന്ന് വാളുകൊണ്ട് വെട്ടികൊന്നശേഷം തല വേര്‍പ്പെടുത്തി. തുടര്‍ന്ന് ശരീരം നിലം ഉഴാന്‍ ഉപയോഗിക്കുന്ന റൊട്രവേറ്റര്‍ മെഷീനില്‍ കയറ്റി തിരിച്ചറിയാനാകാത്ത വിധം പല കഷണങ്ങളാക്കി. ശരീരഭാഗത്തില്‍ തന്റെ വസ്ത്രങ്ങളും ധരിപ്പിച്ചു. രവീന്ദ്രയുടെ തലയും വസ്ത്രങ്ങളും കൊലയ്ക്കുപയോഗിച്ച വാളും ഫോണും അടുത്തുള്ള പൊട്ടക്കിണറ്റില്‍ എറിഞ്ഞശേഷം സുഭാഷ് കടന്നുകളയുകയായിരുന്നു. പിറ്റേ ദിവസം വയലിലെത്തിയവര്‍ കാണുന്നത് ഛിന്നഭിന്നമായ ശരീര ഭാഗങ്ങളാണ്. തല കാണാതായതോടെ ഏതെങ്കിലും കാട്ടുമൃഗങ്ങള്‍ കടിച്ചിട്ടുണ്ടാകുമെന്നും നാട്ടുകാര്‍ കരുതി. വസ്ത്രം കണ്ട് മരിച്ചത് സുഭാഷ് തന്നെയെന്ന് മക്കളും സ്ഥികരീകരിച്ചു. തുടര്‍ന്ന് സുഭാഷിന്റേതെന്നു കരുതി അന്ത്യകര്‍മങ്ങളും മരണാനന്തര കര്‍മങ്ങളും നടത്തുകയായിരുന്നു. സുഭാഷിന് അനുശോചനം അറിയിച്ച് ഫ്ളക്സ് ബോർഡ് സ്ഥാപിക്കുകയും ചെയ്തു.

സുഭാഷിന് ആദരാഞ്ജലി അർപ്പിച്ച് സ്ഥാപിച്ച ബോർഡ്
Signature-ad

എന്നാല്‍, രവീന്ദ്രയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ കുടുംബം പരാതി നല്‍കിയതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്. കടുത്ത മദ്യാപാനിയായതിനാല്‍ എല്ലാ ദിവസവും വീട്ടിലെത്താറില്ലെങ്കിലും മകനെ മുടങ്ങാതെ ഫോണ്‍ ചെയ്യുന്ന ശീലം രവീന്ദ്രയ്ക്കുണ്ടായിരുന്നു. ഫോണ്‍വിളി മുടങ്ങിയതോടെയാണ് വീട്ടുകാര്‍ക്കു സംശയമുണ്ടായത്. ഡിസംബര്‍ 16-ന് രവീന്ദ്രയും സുഭാഷും ഒരുമിച്ച് വയലിലേക്ക് പോകുന്നതിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ അന്വേഷണത്തില്‍ പോലീസിനു ലഭിച്ചു. എന്നാല്‍, ഇരുവരും സുഹൃത്തുക്കളായതിനാല്‍ സംശയം തോന്നിയില്ല. തൊട്ടടുത്ത ദിവസം മുതലാണ് രവീന്ദ്രയെ കാണാതായതെന്നു സ്ഥിരീകരിച്ചതോടെയാണ് സുഭാഷ് സംശയനിഴലില്‍വന്നത്.

അതിനിടെ, കാമുകിയുമായി സുഭാഷ് ഒളിച്ചോടിയിരുന്നു. മറ്റൊരു ഗ്രാമത്തിലേക്ക് കടന്ന സുഭാഷ് കൊലപാതകവിവരം കാമുകിയോടു പറഞ്ഞതും തിരിച്ചടിയായി. സുഹൃത്തിനെ കൊന്ന വിവരമറിഞ്ഞ കാമുകി തന്നെ തിരിച്ചു കൊണ്ടുവിടണമെന്ന് ആവശ്യപ്പെട്ടു. ഡിസംബര്‍ 23-ന് യുവതിയെ നാട്ടില്‍ തിരിച്ചു കൊണ്ടുവിട്ട ശേഷം സുഭാഷ് പോയത് 20 കിലോമീറ്റര്‍ അകലെയുള്ള തന്റെ സഹോദരിയുടെ വീട്ടിലേക്കാണ്. മരിച്ചുപോയ സഹോദരന്‍ രാത്രി വീട്ടിലെത്തിയതോടെ സഹോദരി ബോധരഹിതയായി. ഇതോടെ സുഭാഷ് അവിടെനിന്നും കടന്നുകളഞ്ഞു. പിറ്റേന്ന് അവര്‍ താന്‍ സുഭാഷിനെ കണ്ട വിവരം ഗ്രാമവാസികളെയും പോലീസിനെയും അറിയിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലിലാണ് സുഭാഷിനെ പിടികൂടിയത്.

എന്നാല്‍, ആദ്യം കൊലപാതകവിവരം സമ്മതിക്കാന്‍ സുഭാഷ് തയാറായില്ല. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് കുറ്റസമ്മതം നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വര്‍ഷങ്ങളോളം ഡ്രൈവറായി ജോലി ചെയ്ത സുഭാഷ് കുറച്ചുനാളുകളായി മദ്യത്തിന് അടിമയായിരുന്നെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇയാളുടെ ഭാര്യ രണ്ടു വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നെന്നു പോലീസ് പറഞ്ഞു.

Back to top button
error: