KeralaNEWS

സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫുമായി ധാരണ; കുട്ടനാട്ടില്‍ സി.പി.എമ്മില്‍ കൂട്ടരാജി

ആലപ്പുഴ: ഉള്‍പ്പാര്‍ട്ടി കലഹത്തിനു പിന്നാലെ കുട്ടനാട്ടില്‍ സി്പി.എമ്മില്‍നിന്നു കൂട്ടരാജി. കുട്ടനാട്: വെളിയനാട്ടില്‍ ഡി.വൈ.എഫ്.ഐ. മുന്‍ സംസ്ഥാനസമിതി അംഗം ഉള്‍പ്പെടെ 30 പേര്‍ സി.പി.എമ്മില്‍ നിന്നു രാജിവെച്ചു. ഡി.വൈ.എഫ്.ഐ. മുന്‍ നേതാവ് എന്‍.ഡി. ഉദയകുമാര്‍ ഉള്‍പ്പെടെയുള്ളവരാണ് കലാപക്കൊടി ഉയര്‍ത്തിയത്. ഇദ്ദേഹം തൊഴിലുറപ്പു യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റാണ്. മുന്‍ ഏരിയ കമ്മിറ്റി അംഗവും പ്രാദേശികമായി സ്വാധീനവുമുള്ള നേതാവാണ്.

വെളിയനാട്ടിലേതും കൂടി ചേര്‍ത്ത് ഇതുവരെ സി.പി.എം. കുട്ടനാട് ഏരിയക്കു കീഴിലുള്ള 156 അംഗങ്ങളാണ് പാര്‍ട്ടിഅംഗത്വത്തില്‍നിന്ന് ഒഴിവാക്കണമെന്നു ആവശ്യപ്പെട്ട് രാജിക്കത്തു നല്‍കിയത്. ഏരിയ കമ്മിറ്റി അംഗങ്ങളും വര്‍ഗബഹുജന സംഘടനാ നേതാക്കളും ഇതിലുള്‍പ്പെടുന്നു.

Signature-ad

രണ്ട് എല്‍.സിക്കു കീഴിലുള്ള കുമരങ്കരി സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് പാര്‍ട്ടി ഫോറത്തില്‍ ആലോചിച്ചില്ലെന്നത് അടക്കമുള്ളവയാണ് ആരോപണങ്ങള്‍. ഇവിടെ യു.ഡി.എഫുമായി ഏരിയ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ ധാരണയുണ്ടാക്കി. ഇത് എല്‍.ഡി.എഫിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടായിരുന്നു. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്കെതിരേ തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചയാളെ ബാങ്ക് പ്രസിഡന്റാക്കാന്‍ പ്രവര്‍ത്തനം നടത്തിയെന്നും പരാതിയില്‍ പറയുന്നു.

തദ്ദേശതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരേ പ്രവര്‍ത്തിച്ചയാളെ എല്‍.സിയിലേക്കു കൊണ്ടുവരാന്‍ ശ്രമിച്ചെന്ന പരാതിയും ഉന്നയിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ കാവാലം, പുളിങ്കുന്ന്, മങ്കൊമ്പ് മേഖലകളില്‍ അംഗങ്ങള്‍ പാര്‍ട്ടി വിടുമെന്നും സൂചനയുണ്ട്.

തകഴിയില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ മുന്‍ ഏരിയ സെക്രട്ടറിയും സി.പി.എം. എല്‍.സി. അംഗവുമായ സജിതകുമാരി മാസങ്ങള്‍ക്കു മുമ്പേ രാജിക്കത്തു നല്‍കിയിരുന്നു. നേതൃത്വം ഇതറിഞ്ഞ മട്ടില്ല, ഇതുവരെ വിഷയം ചര്‍ച്ച ചെയ്തതുമില്ല. 15 അംഗ ലോക്കല്‍ കമ്മിറ്റിയിലെ ഒമ്പതുപേരും രാജിവെക്കുമെന്ന് അറിയിച്ചതോടെ നേതൃത്വം വെട്ടിലായി.

പാര്‍ട്ടി വിടുമെന്ന് പ്രഖ്യാപിക്കുന്നവര്‍ കൂടിയിട്ടും ജില്ലാ നേതൃത്വം കാര്യമായി ഇടപെടുന്നില്ലെന്ന പരാതിയുമുണ്ട്. ചില പ്രതിഷേധങ്ങളുണ്ടെന്നും എന്നാല്‍, മാധ്യമങ്ങള്‍ അവകാശപ്പെടുന്നതുപോലെ രാജിക്കത്തു നല്‍കിയിട്ടില്ലെന്നും സി.പി.എം. ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ പറഞ്ഞു.

 

Back to top button
error: