ചെന്നൈ: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തമിഴ്നാട്ടിൽ വിറ്റത് ആയിരം കോടി രൂപയുടെ മദ്യം. ഡിസംബർ 31, ജനുവരി 1 ദിവസങ്ങളിലായാണ് ഇത്രയും മദ്യവിൽപ്പന നടന്നത്. സംസ്ഥാനത്തെ 5300 ടാസ്മാക് മദ്യശാലകൾ, ബാറുകൾ, ക്ലബ്ബുകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിലായി ആകെ വിറ്റ മദ്യത്തിന്‍റെ കണക്കാണിത്. ഇതിൽ 610 കോടിയുടെ മദ്യക്കച്ചവടവും ഡിസംബർ 31നാണ്. 2021 ഡിസംബർ 31ന് 147.69 കോടിയുടെ മദ്യം മാത്രമാണ് വിറ്റുപോയത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് മൂന്നിരട്ടിയോളം വിൽപ്പനയാണ് ഇക്കുറിയുണ്ടായത്.
കേരളത്തിലും പുതുവത്സരത്തിൽ റെക്കോഡ് മദ്യവിൽപ്പനയാണ് നടന്നത്. 107.14 കോടി രൂപയുടെ മദ്യമാണ് ഡിസംബര്‍ 31ന് ബെവ്കോ വിറ്റത്. കഴിഞ്ഞവര്‍ഷം ഇത് 95.67 കോടിയായിരുന്നു. 1.12 കോടിയുടെ മദ്യം വിറ്റ തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്‍ലെറ്റിലായിരുന്നു ഏറ്റവും കൂടുതൽ വിൽപ്പന. കൊല്ലം ആശ്രാമം ഔട്ട്‍ലെറ്റിൽ 96.59 ലക്ഷം രൂപയുടെ മദ്യം പുതുവര്‍ഷത്തലേന്ന് വിറ്റു. കാസർകോഡ് ബട്ടത്തൂരിലാണ് ഏറ്റവും കുറവ് വിൽപ്പന. 10.36 ലക്ഷം രൂപ. റമ്മാണ് ഏറ്റും കൂടുതൽ വിറ്റത്. സംസ്ഥാനത്തെ എല്ലാ ഔട്ട്‍ലെറ്റുകളിലും പത്ത് ലക്ഷം രൂപയ്ക്ക് മുകളിൽ മദ്യം ഇന്നലെ വിറ്റു. ഡിസംബറിലെ അവസാന 10 ദിവസം 686.28 കോടി രൂപയാണ് വിറ്റുവരവിലൂടെ കിട്ടിയത്. കഴിഞ്ഞവര്‍ഷം 649.32 കോടിയായിരുന്നു വിൽപ്പന.
ദുബായില്‍ മദ്യത്തിന് ഏര്‍പ്പെടുത്തിയിരുന്ന 30 ശതമാനം മുനിസിപ്പാലിറ്റി നികുതി ഒഴിവാക്കി. വ്യക്തികള്‍ക്ക് മദ്യം വാങ്ങാനുള്ള ലൈസന്‍സും ഇനി മുതല്‍ സൗജന്യമായി ലഭിക്കും. ദുബായില്‍ മദ്യവിലയിലെ വലിയൊരു പങ്കും മുനിസിപ്പാലിറ്റിയുടെ മുപ്പത് ശതമാനം നികുതിയായിരുന്നു. ഈ നികുതി ഒഴിവാക്കിയതോടെ എമിറേറ്റില്‍ മദ്യത്തിന്റെ വില കുത്തനെ കുറയും. നികുതി ഒഴിവാക്കിയതോടെ ദുബായില്‍ മദ്യവില്‍പന വര്‍ധിക്കും. കുറഞ്ഞ വിലയ്ക്ക് മദ്യം വാങ്ങാന്‍ മറ്റ് എമിറേറ്റുകളെയാണ് നിലവില്‍ ആളുകള്‍ ആശ്രയിച്ചിരുന്നത്.
നികുതി ഒഴിവാക്കിയതിന് പുറമേ മദ്യം വാങ്ങുന്നതിനുള്ള ലൈസന്‍സും സൗജന്യമാക്കി. പ്രതിവര്‍ഷം ഇരുനൂറ് ദിര്‍ഹമായിരുന്നു ലൈസന്‍സ് ഫീസ്. ഇനി മുതല്‍ പണം നല്‍കാതെ ലൈസന്‍സ് ലഭിക്കും. വ്യക്തികള്‍ക്ക് മദ്യം ഉപയോഗിക്കുന്നതിനോ വാഹനത്തില്‍ കൊണ്ടു പോകുന്നതിനോ സൂക്ഷിക്കുന്നതിനോ ലൈസന്‍സ് നിര്‍ബന്ധമാണ്. ദുബായില്‍ 21 വയ്‌സിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് മദ്യം ഉപയോഗിക്കാന്‍ അനുവാദമുള്ളത്, അനുവദനീയമായ സ്ഥലങ്ങളില്‍ മാത്രമേ മദ്യം ഉപയോഗിക്കാവു എന്നും നിര്‍ദേശമുണ്ട്. പാര്‍ട്ടികള്‍ നടത്തുന്നതിനും ലൈസന്‍സും നിര്‍ബന്ധമാണ്.