KeralaNEWS

തീർഥാടക പ്രവാഹത്തിൽ ശബരിമല; മകരവിളക്ക് മഹോത്സവത്തിനൊരുങ്ങി സന്നിധാനം

ശബരിമല: മകരവിളക്ക് മഹോത്സവത്തിന് നട തുറന്നതിനു പിന്നാലെ ശബരിമലയിലേക്ക് തീർഥാടന പ്രവാഹം. കേരളത്തിനു പുറമേ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരുടെയും തിരക്കേറി. അതേസമയം മകരവിളക്ക് ഉത്സവത്തിനുള്ള ഒരുക്കങ്ങളും സന്നിധാനത്ത് ആരംഭിച്ചു. പര്‍ണശാലകെട്ടി തീര്‍ത്ഥാടകര്‍ തങ്ങുന്ന പാണ്ടിത്താവളം ഭാഗത്ത് അടിക്കാടുകള്‍ വെട്ടിതെളിച്ചു. ആറിന് ശേഷം ഇവിടെ വൃത്തിയാക്കും. ജല വിതരണത്തിനായി കൂടുതല്‍ ടാപ്പുകളും സ്ഥാപിച്ചു.

ടോയ്‌ലറ്റുകള്‍ പൂര്‍ണ്ണമായും തുറന്ന് കൊടുത്തു. ഇവിടെ മാത്രം 120 ടോയ്‌ലറ്റുകളാണ് ഉള്ളത്. ഇന്‍സിനറേറ്ററിന് മുകളില്‍ ഹോട്ടലുകള്‍ക്ക് പുറകിലുള്ള സ്ഥലത്ത് തീര്‍ത്ഥാടകര്‍ക്ക് മകരജ്യോതി ദര്‍ശനത്തിന് ഉള്ള സൗകര്യം ഒരുക്കും. ഇവിടെ രണ്ടര ഏക്കര്‍ സ്ഥലമാണ് തീര്‍ത്ഥാടകര്‍ക്ക് തങ്ങാന്‍ ക്രമീകരിക്കുക.

Signature-ad

മകര വിളക്ക് കാലത്ത് ജലക്ഷാമം ഉണ്ടാകാതിരിക്കാന്‍ ഉള്ള നടപടികളും അധികൃതർ സ്വീകരിച്ചു. കുന്നാര്‍ ഡാം, ചെക്ക്ഡാം, കുമ്പളം തോട് എന്നിവിടങ്ങളില്‍ നിന്നുമാണ് സന്നിധാനത്തേക്കാവിശ്യമായ വെളളം എത്തുന്നത്. കൂടാതെ പമ്പയില്‍ നിന്ന് വാട്ടര്‍ അതോറിറ്റിയും വെള്ളം എത്തിക്കുന്നുണ്ട്. സന്നിധാനത്തെ വിവിധ വാട്ടര്‍ ടാങ്കുകളിലായി രണ്ടരക്കോടി ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കുവാന്‍ കഴിയും. ദിനം പ്രതി 10 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇപ്പോള്‍ കുമ്പളം തോട്ടില്‍ നിന്നും ലഭിക്കുന്നത്. പാണ്ടിത്താവളത്ത് അമ്പതിനായിരം തീര്‍ത്ഥാടകര്‍ക്ക് ജ്യോതി ദര്‍ശനത്തിനുള്ള സൗകര്യം ഉണ്ടാകും. കൊപ്രാപുരയുടെ സമീപത്ത് ശബരി ഗസ്റ്റ് ഹൗസിന് മുന്നില്‍ ഏഴായിരത്തി അഞ്ഞൂറ് പേര്‍ക്ക് ജ്യോതി ദര്‍ശനം നടത്താന്‍ കഴിയും.

അതേസമയം കാനനപാത വഴി എത്തുന്ന ഭക്തരുടെ എണ്ണവും വർധിച്ചു. എരുമേലി-പമ്പ പരമ്പരാഗത കാനന പാതയിലൂടെ ഇതുവരെ ശബരീശനെ കാണാന്‍ എത്തിയത് 1,26,146 ഭക്തരാണ്. 24.5 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഇതുവഴി പമ്പയില്‍ എത്തുന്നത്. എരുമേലിയില്‍ നിന്നുള്ള ഭക്തര്‍ക്ക് അഴുതക്കടവ്, മുക്കുഴി എന്നിവിടങ്ങളിലൂടെ രാവിലെ 7 മണി മുതല്‍ വനംവകുപ്പ് ചെക്‌പോസ്റ്റുകള്‍ കടന്ന് കാനന പാതയിലേക്ക് പ്രവേശിക്കാം. അഴുതയില്‍ ഉച്ചക്ക് 2.30 വരെയും മുക്കുഴിയില്‍ വൈകിട്ട് 3.30 വരെയുമാണ് ഭക്തരെ കടത്തിവിടുക. അഴുതയില്‍ നിന്നും കല്ലിടാംകുന്ന്, വെള്ളാരംചെറ്റ, പുതുശ്ശേരി, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം എന്നീ സ്ഥലങ്ങളിലൂടെ 18.5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പമ്പയിലെത്തും. ഇതിനിടയില്‍ സ്വാമി അയ്യപ്പന്‍ പൂങ്കാവനം പുനരുദ്ധാരണ (സാപ്പ് ) കമ്മിറ്റിയുടെ എട്ട് ഇടത്താവളങ്ങളുണ്ട്. പൂര്‍ണമായും വനംവകുപ്പിന്റെ നേതൃത്വത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. ഇടത്താവളങ്ങളില്‍ ഭക്തര്‍ക്ക് ആവശ്യമായ ഭക്ഷണം ലഭിക്കുന്നതിനൊപ്പം വിശ്രമിക്കാനും സാധിക്കും. വന്യമൃഗ ശല്യം തടയാന്‍ പാതയുടെ ഇരുവശത്തും ഫെന്‍സിംഗ് ചെയ്തിട്ടുണ്ട്.

Back to top button
error: