KeralaNEWS

എരുമേലി വിമാനത്താവളം: ശബരിമല തീർത്ഥാടനത്തിനൊപ്പം പ്രവാസ മേഖലയിലും വമ്പൻ പ്രതീക്ഷ

പത്തനംതിട്ട: എരുമേലി വിമാനത്താവളം യാഥാർത്ഥ്യമായാൽ ശബരിമല തീർത്ഥാടനത്തിനൊപ്പം പ്രവാസ മേഖലയിലും കൂടുതൽ പ്രതീക്ഷകളാണുള്ളത്. വിനോദ സഞ്ചാര സർക്യൂട്ടുകൾക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് നിർദിഷ്ട വിമാനത്താവള പദ്ധതി. സ്ഥലം ഏറ്റെടുപ്പിനുള്ള ഉത്തരവിറങ്ങിയതോടെ വേഗത്തിൽ തുടർ നടപടികൾ നടക്കുമെന്നാണ് നാട്ടുകാരുടെ കണക്കുകൂട്ടൽ.

ചെറുവള്ളിയിൽ നെടുമ്പാശ്ശേരിക്കൊരു ഫീഡർ വിമാനത്താവളം എന്ന ആശയത്തിൽ വിഭാവനം ചെയ്ത പദ്ധതിയാണ് രാജ്യന്തര വിമാനത്താവളമായി ചിറക് വിരിയ്ക്കാൻ ഒരുങ്ങുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ റൺവേയായിരിക്കും എരുമേലി വിമാനത്താവളത്തിന്റേത്. വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയ ചെറുവള്ളിയിൽ നിന്ന് ശബരിമലയിലേക്കുള്ള ദൂരം 48 കിലോ മീറ്റർ മാത്രമാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്ക് പുറമെ സിംഗപ്പൂർ, മലേഷ്യ , നേപ്പാൾ തുങ്ങിയ രാജ്യങ്ങളിൽ നിന്ന് ശബരിമലയിലേക്ക് എത്തുന്ന തീർത്ഥാടകർക്ക് യാത്ര എളുപ്പമാകും. ഇതോടെ ശബരിമലയിലേക്ക് എത്തുന്ന വിദേശ തീർത്ഥാടകരുടെ എണ്ണം കൂടുമെന്നും വിലയിരുത്തുന്നു.

Signature-ad

നെടുമ്പാശ്ശേരി വിമാനത്താവളത്തെ ആശ്രയിക്കുന്ന 40 ശതമാനം ആളുകളും തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന 60 ശതമാനം പേരും നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ 30 കിലോമീറ്റർ ചുറ്റളവിൽ നിന്നുള്ളവരാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലുള്ള പ്രവാസികൾക്കാണ് എരുമേലി വിമാനത്താവളം ഗുണം ചെയ്യുക.

കുമരകം, മൂന്നാർ, തേക്കടി, വാഗമൺ വിനോദ സഞ്ചാരമേഖല കൂടുതൽ ഉണരും. സുഗന്ധവ്യഞ്ജനങ്ങളുടെയും തേയിലയുടേയും മറ്റ് കാർഷിക ഉത്പന്നങ്ങളുടെയും കയറ്റുമതി എളുപ്പമാകും. കോട്ടയം – എരുമേലി റോഡ്, എരുമേലി – പത്തനംതിട്ട സംസ്ഥാനപാത, കൊല്ലം – തേനി ദേശീയ പാത, തുടങ്ങിയവയും അടുത്തുള്ളത് അനുബന്ധ ഗാതാഗതത്തിനും പ്രയോജനം ചെയ്യും. എല്ലാം കൊണ്ടും അനുയോജ്യമായ വിമാനത്താവളത്തിൽ നിന്ന് വിമാനം പറന്നുയരാൻ എത്രനാൾ കാത്തിരിക്കണമെന്നാണ് ഇനി അറിയേണ്ടത്.

Back to top button
error: