KeralaNEWS

സസ്പെൻസ് ഇന്ന് അവസാനിക്കും; ഗവർണർ വൈകിട്ട് തലസ്ഥാനത്ത്, സജി ചെറിയാന്റെ സത്യപ്രതിജ്‌ഞയിൽ തീരുമാനമുണ്ടായേക്കും

തിരുവനന്തപുരം: സജി ചെറിയാന്റെ മന്ത്രിസഭാ പ്രവേശനത്തിൽ ഇന്ന് തീരുമാനമുണ്ടാക്കും. ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ വൈകിട്ടോടെ തലസ്ഥാനത്ത് തിരിച്ചെത്തുന്നതിനു പിന്നാലെ സത്യപ്രതിജ്ഞ സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണു വിവരം. വിഷയത്തില്‍ രാജ്ഭവന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ കഴിഞ്ഞദിവസം ഗവർണർക്ക് നിയമോപദേശം നല്‍കി. മന്ത്രിയായുള്ള സജി ചെറിയാന്റെ സത്യപ്രതിജ്ഞ തടയാനാവില്ലെന്നാണ് ഗവര്‍ണര്‍ക്ക് നിയമോപദേശം നല്‍കിയത്. മന്ത്രിസഭയിലേക്ക് മുഖ്യമന്ത്രി പേര് നിര്‍ദേശിച്ചാല്‍ ഗവര്‍ണര്‍ക്ക് തള്ളാനാകില്ല. സത്യപ്രതിജ്ഞ ഒരുക്കേണ്ടത് ഗവര്‍ണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി തന്റെ മന്ത്രിസഭയില്‍ ഏതെങ്കിലും എംഎല്‍എയെ മന്ത്രിയായി ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയും, അക്കാര്യം ചൂണ്ടിക്കാട്ടി അപേക്ഷ നല്‍കുകയും ചെയ്താല്‍ ഗവര്‍ണര്‍ക്ക് അത് തള്ളിക്കളയാനാകില്ല. പ്രസ്തുത എംഎല്‍എയെ മന്ത്രിയാക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിയമതടസ്സം ഉള്ളതായി തോന്നിയാല്‍ ആവശ്യമെങ്കില്‍ സര്‍ക്കാരിനോട് വിശദീകരണം തേടാം. സത്യപ്രതിജ്ഞയ്ക്കുള്ള നടപടികള്‍ ഒരുക്കാന്‍ ഗവര്‍ണര്‍ നിയമപരമായി ബാധ്യസ്ഥനാണ് എന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.

Signature-ad

കഴിഞ്ഞ വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് സജി ചെറിയാനെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഭരണഘടനയെ അവഹേളിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തെത്തുടര്‍ന്നാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്. ഭരണഘടനയെ വിമര്‍ശിച്ച് ജൂലൈ മൂന്നിനായിരുന്നു സജി ചെറിയാന്‍റെ വിവാദ പ്രസംഗം. വിമര്‍ശനങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ ജൂലൈ ആറിന് രാജിവെച്ചു.

കേസ് അന്വേഷിച്ച പൊലീസ് വക ക്ലീൻ ചിറ്റ് കിട്ടിയതോടെയാണ് തിരിച്ചുവരവിന് കളമൊരുങ്ങിയത്. ഭരണഘടനയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും അവഹേളിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അത്കൊണ്ട് സജി ചെറിയാനെതിരെ കേസ് നിലനിൽക്കില്ലെന്നുമുള്ള നിയമോപദേശം പൊലീസ് തിരുവല്ല കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ് അവസാനിപ്പിക്കാൻ പൊലീസ് നൽകിയ അപേക്ഷയിൽ കോടതി തീരുമാനം ഔദ്യോഗികമായി വരാനുണ്ടെങ്കിലും അതിൽ മറ്റ് പ്രശ്നങ്ങളില്ലെന്ന നിയമോപദേശത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് സജി ചെറിയാന്‍റെ തിരിച്ച് വരവ്. നേരത്തെ കൈകാര്യം ചെയ്തിരുന്ന സാംസ്കാരികം ഫിഷറീസ് യുവജനക്ഷേമ വകുപ്പുകൾ തന്നെ സജി ചെറിയാന് കിട്ടുമെന്നാണ് സൂചന. മറ്റ് മന്ത്രിമാരുടെ ഓഫീസുകളിലേക്ക് പുനര്‍ വിന്യസിച്ച സ്റ്റാഫുകളേയും തിരിച്ചു നൽകും.

Back to top button
error: