
ന്യൂഡല്‍ഹി: ജൂനിയര്‍ അത്ലറ്റിക്സ് വനിതാ കോച്ചിന്റെ ലൈംഗികാതിക്രമ പരാതിയില്‍ മുന്‍ ദേശീയ ഹോക്കി താരവും ഹരിയാന കായിക മന്ത്രിയുമായ സന്ദീപ് സിങ് രാജിവച്ചു. പീഡനപരാതിയില്‍ ചണ്ഡീഗഡ് പോലീസ് കേസെടുത്തതിനു പിന്നാലെയാണ് മന്ത്രിയുടെ രാജി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നും മന്ത്രി നേരത്തേ ആവശ്യപ്പെട്ടിരുന്നു.
പ്രതിപക്ഷ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷനല്‍ ലോക്ദളിന്റെ (ഐ.എന്‍.എല്‍.ഡി) ഓഫീസില്‍ വാര്‍ത്താസമ്മേളനം നടത്തിയ പരാതിക്കാരി, മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാര്‍ സന്ദീപ് സിങ്ങിനെ ഉടന്‍ പുറത്താക്കണമെന്നും വിഷയം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു. തനിക്ക് സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ടു.
ജിംനേഷ്യത്തിലാണ് സന്ദീപ് സിങ്ങിനെ ആദ്യം പരിചയപ്പെട്ടത്. പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ സന്ദേശങ്ങള്‍ അയക്കുകയും നേരിട്ട് കാണാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട തന്റെ സര്‍ട്ടിഫിക്കറ്റുകളില്‍ ചില അനിശ്ചിതത്വങ്ങളുണ്ടെന്നും നേരിട്ടുകാണണമെന്നുമായിരുന്നു ആവശ്യം. മന്ത്രിയുടെ ക്യാമ്പ് ഓഫീസായി പ്രവര്‍ത്തിക്കുന്ന വീട്ടിലേക്കാണ് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് രേഖകളുമായി ഇവിടെ എത്തിയ തന്നോട് മന്ത്രി ലൈംഗികാതിക്രമം നടത്തിയെന്നാണ് കോച്ചിന്റെ ആരോപണം.
വീട്ടിലെത്തിയതിന് പിന്നാലെ അദ്ദേഹത്തിന്റെ കാബിനിലേക്കാണ് കൊണ്ടുപോയത്. സര്‍ട്ടിഫിക്കറ്റുകളെല്ലാം മേശയില്‍വെച്ച ശേഷം മന്ത്രി തന്റെ കാലില്‍ സ്പര്‍ശിച്ചു. ആദ്യം കണ്ടതു മുതല്‍ ഇഷ്ടമാണെന്നു മന്ത്രി പറഞ്ഞതോടെ താന്‍ കൈ തട്ടിമാറ്റി. എന്നാല്‍, മന്ത്രി തന്റെ ടീഷര്‍ട്ട് വലിച്ചുകീറി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിക്കാരി ആരോപിച്ചിരുന്നത്. ബഹളംവെച്ചിട്ടും അവിടെയുണ്ടായിരുന്ന ജീവനക്കാരാരും സഹായത്തിനെത്തിയില്ലെന്നും യുവതി പറയുന്നു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഹരിയാന മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിങ് ഹൂഡയും വിഷയത്തില്‍ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ടു.
കുരുക്ഷേത്രയിലെ പെഹോവയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയായ സന്ദീപ് സിങ്, ഇന്ത്യന്‍ ദേശീയ ഹോക്കി ടീമിന്റെ ക്യാപ്റ്റനായിരുന്നു. പഞ്ചാബി ഗായകനും നടനുമായ ദില്‍ജിത് ദോസഞ്ജിന്റെ 2018-ല്‍ പുറത്തിറങ്ങിയ ‘സൂര്‍മ’ എന്ന ചിത്രം സന്ദീപ് സിങ്ങിനെ കുറിച്ചുള്ള ബയോപിക് ആണ്. എം.ടി.വി റോഡീസ് എന്ന റിയാലിറ്റി ടിവി ഷോയുടെ വിധികര്‍ത്താവ് കൂടിയായിരുന്നു സന്ദീപ് സിങ്.






