
- രജിസ്ട്രേഷൻ തിങ്കളാഴ്ച തുടങ്ങും
- മത്സരങ്ങൾ ചൊവ്വാഴ്ച മുതൽ
തിരിതെളിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ, സംസ്ഥാന സ്കൂൾ കലോത്സവത്തെ വരവേൽക്കാൻ കോഴിക്കോട് ഒരുങ്ങി. കോവിഡ് പ്രതിസന്ധികൾക്ക് ശേഷം അവിസ്മരണീയമായ കലോത്സവ ദിനങ്ങൾ ഒരുക്കാനുള്ള അവസാനവട്ട തിരക്കിലാണ് സംഘാടകർ. കൗമാരകലോത്സവത്തിന് വർണ വിസ്മയം തീർത്ത് കലാകാരൻമാർ കഴിഞ്ഞ ദിവസം ചിത്രാവിഷ്കാരം നടത്തി. കേരള ലളിതകലാ അക്കാദമിയും കലോത്സവ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ സംസ്ഥാനത്തെ 61 പ്രമുഖ കലാകാരന്മാരാണ് ചിത്രങ്ങൾ വരച്ചത്. ചിത്രകാരനും ശിൽപിയുമായ വൽസൻ കൂർമ്മകൊല്ലേരി ചിത്രം വരച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. കലോത്സവത്തോട് അനുബന്ധിച്ച് സാംസ്കാരിക പരിപാടികൾ നടക്കുന്ന ബീച്ചിലെ ഫ്രീഡം സ്ക്വയറിന് സമീപത്ത് ചിത്രങ്ങൾ പ്രദർശിപ്പിക്കും.

കലോത്സവത്തിന്റെ വിളംബരം അറിയിച്ചുകൊണ്ട് നൂറു കണക്കിന് വിദ്യാർത്ഥികളെ അണിനിരത്തി കളരിപ്പയറ്റും ശിങ്കാരിമേളവും ഫാന്‍ നൃത്തവും അടങ്ങുന്ന വിസ്മയക്കാഴ്ചകൾ ഒരുക്കിയാണ് പരിപാടികൾക്ക് തുടക്കം കുറിക്കുക. 8.30 ന് പ്രധാന വേദിയായ വിക്രം മൈതാനത്ത് പതാക ഉയർത്തും. 61 വിദ്യാർത്ഥികള്‍ ചേര്‍ന്നുള്ളതാണ് സ്വാഗത ഗാനം. കവി പി.കെ ഗോപിയുടേതാണ് രചന. പ്രേംകുമാർ വടകരയാണ് സംഗീതം. പ്രധാന വേദിയായ വെസ്റ്റ്ഹിൽ വിക്രം മൈതാനം അടക്കം 24 വേദികളാണ് കലോത്സവത്തിനായി സജ്ജീകരിച്ചിട്ടുള്ളത്. ആദ്യ ദിവസം എല്ലാ വേദികളിലും രാവിലെ 11 നും മറ്റുദിവസങ്ങളിൽ രാവിലെ ഒൻപത് മണിക്കുമായിരിക്കും മത്സരങ്ങൾ ആരംഭിക്കുക. കോടതി അപ്പീൽ വിധി ഇല്ലാതെ മൊത്തം 14.000 പേർ കലോത്സവത്തിൽ പങ്കെടുക്കും. സംസ്കൃതോത്സവവും, അറബിക് കലോത്സവവും ഇതോടൊപ്പം നടക്കും.





