ചെലവോ തുച്ഛം, ഗുണമോ മെച്ചം; നല്ല നിറവും തൂക്കവുമുള്ള വാഴക്കുലകൾ കിട്ടാൻ ഉഗ്രൻ നാട്ടറിവുകൾ

വാഴ ഇല്ലാത്ത വീടുകൾ കേരളത്തിൽ കുറവാണ്. സ്വൊന്തം ആവശ്യത്തിനും വാണിജ്യ അടിസ്ഥാനത്തിലും വാഴ കൃഷി ചെയ്യുന്നവരാണ് മലയാളികൾ. നമ്മൾ എന്തെല്ലാം കാര്യങ്ങളാണ് അടിസ്ഥാനപരമായി വാഴകൃഷി തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ന് പരിശോധിക്കാം. നല്ല വാഴക്കന്ന് നോക്കി തെരഞ്ഞെടുക്കുക എന്നതാണ് ഏറെ പ്രധാനം. വരാനിരിക്കുന്ന വർഷത്തെ ഓണം ചിങ്ങത്തിന്റെ ആദ്യ പകുതിയിലാണെങ്കിൽ അത്തം ഞാറ്റുവേലയുടെ ആരംഭത്തിലും ഓണം ഒടുവിൽ ആയാൽ ചോതി ഞാറ്റുവേലയുടെ ആരംഭത്തിൽ തന്നെയും വാഴ കൃഷി ചെയ്യുന്നതാണ് നല്ലത്. ഇനി വാഴക്കന്ന് നടുമ്പോൾ ശ്രദ്ധയോടെ പ്രയോഗിക്കാവുന്ന നാട്ടറിവുകളറിയാം:

കുലക്ക് നിറവും തൂക്കവും കിട്ടുവാൻ കുഴിയിൽ ചരലോ ആറ്റുമണലോ ഇട്ടുകൊണ്ട് മരോട്ടി പിണ്ണാക്ക്, ചാണകപ്പൊടി എന്നിവയും ഇട്ടുകഴിഞ്ഞ് വാഴ നടുന്നതാണ് ഉചിതം. കീടശല്യം കുറയുവാൻ വാഴ കുഴിയിൽ ഇഞ്ചിപുല്ല് വച്ചിട്ട് വാഴക്കന്ന് നടണം. പേര, വട്ടമാവ് എന്നിവയുടെ ചവർ ഇടുന്നതാണ് വാഴയ്ക്ക് നല്ലത്. ചവർ ഇങ്ങനെ ഇട്ടശേഷം വേഗത്തിൽ അഴുകുവാൻ വേണ്ടി ചാണകതെളി ഒഴിച്ചാൽ മതിയാകും.കരിക്കിൻകേട് ഇല്ലാതാക്കാൻ വേപ്പിൻപിണ്ണാക്ക് ചുവട്ടിൽ ഇട്ടാൽ മതിയാകും.
കന്നു നടാൻ പറ്റിയ സമയം പുതുമഴ സമയമാണ്. വാഴ വച്ച് 3 മാസം കഴിഞ്ഞ് തടം ഒന്നിന് ഒരു കിലോ ആട്ടിൻകാഷ്ടം വീതം ഇടുന്നത് വേരിന്റെ വളർച്ചയെ സഹായിക്കും. കമിഴ്ത്തി അടുക്കിവച്ചാൽ വാഴക്കന്ന് ദീർഘനാൾ സൂക്ഷിക്കാൻ സാധിക്കും. ചാണക വെള്ളത്തിൽ ചാരം കലക്കി, അതിൽ കന്നു മുക്കിയശേഷം ഉണക്കി നടണം. വിത്ത് സെപ്റ്റംബറിൽ നടാം. വിത്ത് നടുമ്പോൾ രണ്ടടി ആഴത്തിലും അതുപോലെ വീതിയിലും കുഴി എടുത്തു, ആറടി അകലം പാലിക്കണം. മാത്രമല്ല കുഴിയിൽ മേൽമണ്ണും ചാരവും കൂടി ചേർത്തിടണം. മുള പൊട്ടുന്ന ഭാഗം വിത്തിന് പുറത്ത് കാണുന്നപോലെ വയ്ക്കേണ്ടതുണ്ട്. അതുകഴിഞ്ഞു ഓരോ മാസത്തിലും വെള്ളം, ചാരം, ആട്ടിൻകാഷ്ഠം, പച്ച എന്നിവയൊക്കെ ചേർത്ത് നൽകാവുന്നതാണ്.






