ചേർത്തല: ക്രിസ്മസ് ദിനത്തിൽ കാളികളുത്തിനു സമീപമുണ്ടായ സംഘർഷത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. അക്രമവുമായി ബന്ധപ്പെട്ട് ഏഴുപേരെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു. അക്രമത്തിനിടയിൽ വാരനാട് 728-ാം നമ്പർ എസ് എൻ ഡി പി ശാഖായോഗത്തിലെ ശ്രീനാരായണഗുരു മന്ദിരം തകർക്കപെട്ടു. വാഹനങ്ങൾക്കും കേടുപാടുകളുണ്ടാക്കി. അക്രമങ്ങളുടെ തുടർച്ചയായി വീടിനും കടകൾക്കും നേരെയും അക്രമമുണ്ടായി. 24ന് രാത്രി 9.30യോടെയാണ് സംഭവങ്ങൾക്കു തുടക്കം. കാളികുളത്തിനു സമീപം മാനവസഹായസമിതി മൈതാനിയിൽ നിന്നും ചേർത്തലയിലേക്കു തേങ്ങായേറു വഴിപാടു നടന്നിരുന്നു. വഴിപാടു സംഘം മടങ്ങിയെത്തിയപ്പോൾ പ്രദേശത്തെ തന്നെ യുവാക്കൾ സംഘടിച്ചു നടത്തിയ കരോൾ സംഘവുമായുണ്ടായ തർക്കമാണ് സംഘർത്തിലേക്കെത്തിയത്.
ആദ്യഘട്ടത്തിൽ ചെറിയ അക്രമവും. പിന്നീട് 11 മണിയോടെ ഒരുവിഭാഗം ആയുധങ്ങളുമായി സംഘടിച്ചെത്തി അകമം നടത്തിയെന്നാണ് പൊലീസ് റിപ്പോർട്ട്. അക്രമത്തിൽ ഗുരുമന്ദിരത്തിന്റെ ചില്ലുകൾ പൂർണമായി തകർന്നു. മന്ത്രി പി പ്രസാദ്, എസ് എൻ ഡി പി ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി അനിയപ്പൻ, ബി ഡി ജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എസ്. ജ്യോതിസ്, യൂണിയൻ ഭാരവാഹികൾ ശാഖായോഗം ഭാരവാഹികൾ തുടങ്ങിയവർ സ്ഥലത്തെത്തി. തേങ്ങായേറ് വഴിപാട് സംഘത്തിലുണ്ടായിരുന്നവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. തണ്ണീർമുക്കം പഞ്ചായത്ത് 22ാം വാർഡ് മുല്ലപ്പള്ളിവീട്ടിൽ സുനിൽകുമാർ (47), നെടുങ്ങാട്ട് ഉണ്ണികൃഷ്ണൻ(33), അമ്മ സവിത(55), തുടങ്ങിയവർക്കാണ് പരിക്കേറ്റത്. തുടർന്ന് പഴംകുളം കവലയിലുള്ള അക്ഷയ കേന്ദ്രത്തിനുനേരെ അക്രമമുണ്ടായി. അക്രമത്തെ തുടർന്ന് വൻ പൊലീസ് സംഘം എത്തി. തുടർന്നു നടന്ന തിരച്ചിലിലാണ് ഏഴു പേർപിടിയിലായത്.
തണ്ണീർമുക്കം പഞ്ചായത്ത് 22-ാം വാർഡിൽ കപ്പേളവെളി വീട്ടിൽ ജോൺ (ജോമി-19), ശബരി പാടത്തു വീട്ടിൽ ഗിരിധർ (23), പുത്തേഴത്തുവെളി വീട്ടിൽ സനത്(21), ഒന്നാം വാർഡ് ഒറ്റത്തെങ്ങുവെളി ശ്രീജിത്ത് (22), 23ാം വാർഡ് ശബരിപാടത്ത് വീട്ടിൽ ആദർശ് (21), നഗരസഭ ഒമ്പതാം വാർഡ് വെളിയിൽ വീട്ടിൽ വിശ്വസാഗർ(22), ശ്രീകൃഷ്ണ നിവാസിൽ രഞ്ജിത്ത് (മനു-23). പിടിയിലായവർക്കും പരിക്കേറ്റിട്ടുണ്ട്. ചേർത്തല എസ് ഐ ആർ വിനോദിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രദേശമാകെ പോലീസ് നിരീക്ഷണത്തിലാണ്. ഏഴുപേരേയും ചേർത്തല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇന്ന് പുലർച്ചെ തണ്ണീർമുക്കം 23ാം വാർഡ് ശ്രീരാമസദനത്തിനു നേരെ അക്രമമുണ്ടായി. ഇവിടെ വാടകക്കുതാമസിക്കുന്ന കുടുംബത്തിലെ 17 -കാരനായ യുവാവിനു അക്രമവുമായി ബന്ധമുണ്ടെന്നു വിമർശനം ഉയർന്നിരുന്നു. വീടിനുമുന്നിലെ ഫോട്ടോകൾ അടിച്ചുതകർത്ത സംഘം മുന്നിലുണ്ടായിരുന്ന ബൈക്ക് കത്തിച്ചു.