KeralaNEWS

കമ്മോഡിറ്റി ബോർഡുകൾ നിഷ്പ്രഭമാക്കുന്നതിനുള്ള തീരുമാനത്തിൽനിന്നും പിന്മാറണം; കേന്ദ്രത്തിനു കത്തയച്ച് കൃഷിമന്ത്രി പി. പ്രസാദ്

സംസ്ഥാനത്തെ ഭൂരിഭാഗം ചെറുകിട നാമമാത്ര കർഷകരുടെയും പ്രധാന ഉപജീവനമാണ് തോട്ടവിളകൾ എന്നും ഇത്തരം വിളകളുടെ സംരക്ഷണത്തിനായി ഏർപ്പെടുത്തിയിട്ടുള്ള വിവിധ കാർഷിക കമ്മോഡിറ്റി ബോർഡുകളെ ഇല്ലാതാക്കാനുള്ള ശ്രമം കർഷക വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി കൃഷിമന്ത്രി പി പ്രസാദ് കേന്ദ്ര സർക്കാരിനു കത്തയച്ചു. കൃഷിയുമായി ബന്ധപ്പെട്ട വിവിധ കമ്മോഡിറ്റി ബോർഡുകൾ കാര്യക്ഷമമല്ലെന്നും അവ പിൻവലിക്കണമെന്നുമുള്ള നീതി ആയോഗ് ശുപാർശമേൽ പ്രതിഷേധ മറിയിച്ചാണ് കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയുഷ് ഘോയലിനു കത്തയച്ചത്.

നീതി ആയോഗ് റിപ്പോർട്ട് പ്രകാരം റബർ ബോർഡ്, സ്പൈസസ് ബോർഡ്, ടീ ബോർഡ്, കോഫി ബോർഡ്, ഏലം ബോർഡ് തുടങ്ങിയ വിവിധ കാർഷിക ബോർഡുകൾ റദ്ദാക്കുന്നതിനുള്ള കരടു ബില്ലുകൾ എതിർക്കപ്പെടേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. 1947 ലെ റബ്ബർ ആക്ട് പ്രകാരമാണ് റബ്ബർ ബോർഡ് നിലവിൽ വരുന്നത്. റബർ ആക്ട് എടുത്തു മാറ്റുന്നതിനായി ഒരു കരട് ബില്ല് കേന്ദ്രം പുറത്തിറക്കിയിട്ടുള്ളതിലെ ആശങ്കകൾ ഇതിനകം തന്നെ സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിട്ടുള്ളതാണ്. രാജ്യത്തെ വിവിധങ്ങളായ കാർഷിക വിളകളുടെ ഉത്പാദന വർദ്ധനവ്, വാണിജ്യ പ്രോത്സാഹനം, കർഷകർക്കുള്ള മറ്റു സാങ്കേതിക ഉപദേശങ്ങൾ നൽകൽ എന്നീ ലക്ഷ്യങ്ങളോടുകൂടിയാണ് കമ്മോഡിറ്റി ബോർഡറുകൾ സ്ഥാപിതമായിട്ടുള്ളത്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി ഈ സ്ഥാപനങ്ങളുടെ ഇടപെടലുകൾ ഗണ്യമായ പുരോഗതിയാണ് കാർഷിക മേഖലയിൽ ഉണ്ടാക്കിയിട്ടുള്ളതെന്നും കത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി.

Signature-ad

പരമ്പരാഗത റബ്ബർ കൃഷിയിൽ മുൻനിരയിൽ നിൽക്കുന്ന രണ്ട് സംസ്ഥാനങ്ങളാണ് കേരളവും തമിഴ്നാടും. ഇപ്പോൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കും റബർകൃഷി വ്യാപിച്ചിട്ടുണ്ട്. 2015 ൽ തന്നെ റബ്ബർ ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിച്ച ഭാരതം, ഉത്പാദന ക്ഷമതയുടെ കാര്യത്തിൽ ഒന്നാമതുമാണ്. എന്നാൽ റബർ കർഷകർക്ക് മതിയായ പിന്തുണ സർക്കാരിന്റെ ഭാഗത്തുനിന്നും ലഭിക്കാത്തതുകൊണ്ടും, അനിയന്ത്രിതമായുള്ള ഇറക്കുമതി പ്രോത്സാഹനത്താലും ഉൽപാദനത്തിന്റെ കാര്യത്തിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി ക്രമാതീതമായ കുറവ് വന്നിട്ടുണ്ട്. വ്യവസായ മേഖലയിലെ ഒരു വിഭവം എന്ന നിലയിൽ റബ്ബറിന്റെ ഈ പ്രതിസന്ധി ആ മേഖലയിലും കനത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. റബർ ബോർഡ്, സ്പൈസസ് ബോർഡ് എന്നിവ ഇല്ലാതായാൽ അത് ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുക സംസ്ഥാനത്തെ ചെറുകിട ഇടത്തരം കർഷകരെയാണെന്നും കത്തിലുണ്ട്.

സുഭിക്ഷ കേരളം, ഞങ്ങളും കൃഷിയിലേക്ക് എന്നീ പ്രവർത്തനങ്ങളിലൂടെ കാർഷിക മേഖലയിൽ പുനരുജ്ജീവനം കൈവരിക്കുവാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാരും കൃഷിവകുപ്പും നടത്തുന്നത്. ഈ അവസരത്തിൽ കർഷകർക്കു കൈത്താങ്ങായി അവർക്ക് സമാശ്വാസം പകരുന്ന തീരുമാനങ്ങളും സഹായങ്ങളുമാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പ്രസാദ് കത്തിൽ വ്യക്തമാക്കി.

Back to top button
error: