ജയ്പൂർ: രാജസ്ഥാനിലെ സീനിയർ അധ്യാപകരെ നിയമിക്കാനുള്ള പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു. ശനിയാഴ്ച രാവിലെയാണ് ചോദ്യ പേപ്പർ ചോർന്നത്. പരീക്ഷയ്ക്ക് തൊട്ടുമുമ്പ് ഉദയ്പൂരിന് സമീപം ബസിൽവെച്ച് ചോദ്യപേപ്പറുമായി 40 പേർ പിടിയിലായി. ഇവർ പരീക്ഷ സെന്ററിലേക്ക് പോകവെ ചോദ്യപേപ്പർ നോക്കി ഉത്തരങ്ങൾ പഠിക്കുന്നതിനിടെയാണ് പിടിയിലായത്. ഇതോടെ പരീക്ഷ മാറ്റിവെച്ചു. മാറ്റിവെച്ച ഡിസംബർ 29ന് നടക്കുമെന്ന് അധികൃതർ അറിയിച്ചു.
നാല് ലക്ഷത്തോളം ഉദ്യോഗാർത്ഥികൾ അപേക്ഷിച്ച പരീക്ഷ സർക്കാർ പെട്ടെന്ന് റദ്ദാക്കുകയായിരുന്നു. രാജസ്ഥാൻ പബ്ലിക് സർവീസ് കമ്മീഷൻ (ആർപിഎസ്സി) നടത്തുന്ന പ്രധാന പരീക്ഷയാണിത്. പ്രധാന പ്രതികളെ പിടികൂടിയെങ്കിലും സംഭവം സംസ്ഥാന സർക്കാരിന് നാണക്കേടായി. ചോദ്യപേപ്പർ ലഭിച്ച ഉദ്യോഗാർഥികൾ ഉത്തരം ബസിൽ വെച്ച് പഠിക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. 40 പേരാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി മാത്രമാണ് ചോദ്യ പേപ്പറിനെ കുറിച്ച് വിവരം ലഭിച്ചതെന്നും ഒരു ബസിൽ ഒരുമിച്ച് വരികയായിരുന്നെന്നും പൊലീസ് പറഞ്ഞു. പിടികൂടിയവരിൽ ഏഴുപേർ ഡമ്മി സ്ഥാനാർത്ഥികളാണെന്നും പൊലീസ് വ്യക്തമാക്കി.
ഉദ്യോഗാർത്ഥികളെ ചോദ്യ പേപ്പർ പഠിക്കാൻ സഹായിക്കാനെത്തിയ ഏഴ് സ്വകാര്യ, സർക്കാർ അധ്യാപകരും ബസിലുണ്ടായിരുന്നു. സംഘത്തിലെ പ്രധാനി ജോധ്പൂർ മേഖലയിൽ നിന്നുള്ളയാളാണെന്നും ഓരോ ഉദ്യോഗാർഥികളിൽ നിന്നും ഏകദേശം 5 ലക്ഷം മുതൽ 8 ലക്ഷം രൂപ വരെ കൈപ്പറ്റിയെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ഉദയ്പൂർ പൊലീസ് പൂർണമായ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എടിഎസും എസ്ഒജിയും വിഷയത്തിൽ അന്വേഷണം ആരംഭിച്ചു.
ഡിസംബർ 24ന് രാവിലെ 9 മുതൽ 11 വരെ നടത്താനിരുന്ന അധ്യാപക നിയമനത്തിനുള്ള പൊതുവിജ്ഞാന പരീക്ഷ റദ്ദാക്കി.ബാക്കി പരീക്ഷകൾ പതിവുപോലെ തുടരുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് ട്വീറ്റ് ചെയ്തു. ഡിസംബർ 26-ന് രാവിലെ 9 മുതൽ 11.30 വരെ സംസ്കൃത പരീക്ഷയും ഉച്ചയ്ക്ക് 2 മുതൽ 4.30 വരെ ഗണിതം പരീക്ഷയും നടക്കും. പഞ്ചാബി വിഷയ പരീക്ഷ ഡിസംബർ 27ന് രാവിലെ 9 മുതൽ 11:30 വരെ നടക്കുമെന്നും അധികൃതർ അറിയിച്ചു.