ന്യൂഡല്‍ഹി: കോവിഡ് ബി.എഫ്-7 വകഭേദം പടരുന്നതു കണക്കിലെടുത്ത് രാജ്യത്ത് യാത്രാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി. ചൈന ഉള്‍പ്പെടെ അഞ്ചു രാജ്യങ്ങളില്‍നിന്നെത്തുന്ന രാജ്യാന്തര യാത്രികര്‍ക്ക് ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തിയതിന്റെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്റെ ക്ഷാമമുണ്ടാകാതിരിക്കാനാണ് പ്രത്യേക ശ്രദ്ധ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തണമെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യമന്ത്രാലയം അഡീ. സെക്രട്ടറി മനോഹര്‍ അഗ്‌നാനി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കത്തു നല്‍കി. മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യതയും തടസമില്ലാത്ത വിതരണവും ഉറപ്പുവരുത്തണം. ഓക്‌സിജന്‍ സിലിണ്ടറുകളുടെ കരുതല്‍ശേഖരവും തയാറാക്കണം. രാജ്യത്ത് കോവിഡ് കേസുകള്‍ ഇപ്പോള്‍ കുറവാണെങ്കിലും ഭാവിയില്‍ ഉണ്ടാകാവുന്ന വെല്ലുവിളികളെ നേരിടാന്‍ കരുതിയിരിക്കണം. അതിന്റെ ഭാഗമായി മെഡിക്കല്‍ ഓക്‌സിജന്‍ പ്ലാന്റുകളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തണം. ഇതിനായി മോക്ഡ്രില്‍ നടത്തണമെന്നും കത്തില്‍ പറയുന്നു.