ഷീല സംവിധാനം ചെയ്‌ത ‘ശിഖരങ്ങൾ’ തീയേറ്ററിലെത്തിയത് 1979 ഡിസംബർ 21 ന്
സിനിമ ഓർമ്മ
നടി ഷീല സംവിധാനം ചെയ്‌ത ചിത്രം ‘ശിഖരങ്ങൾ’ 1979 -ലെ ക്രിസ്‌തുമസ് റിലീസായിരുന്നു. 1979 ഡിസംബർ 21നാണ് ചിത്രംതീയേറ്ററിലെത്തിയത്. ‘ഇവിടെ ആരും ആർക്കും സ്വന്തമല്ല. ആരും ആർക്കു വേണ്ടി കാത്തിരിക്കുന്നുമില്ല’ എന്ന ടാഗ്‌ലൈനോടെയായിരുന്നു ഷീല, ജയൻ എന്നിവരുടെ ചിത്രങ്ങളോടൊപ്പം ശിഖരങ്ങളുടെ പോസ്റ്ററുകൾ ഇറങ്ങിയത്. ഷീലയുടെ കഥ. ഡോക്ടർ പവിത്രൻ തിരക്കഥയും ഗാനങ്ങളും എഴുതി. ഷീലയുടെ മുൻ ഭർത്താവ് രവിചന്ദ്രനും ഷീലയും ചേർന്നായിരുന്നു നിർമ്മാണം. രവിചന്ദ്രൻ ഷീലയുടെ ഭർത്താവായി ‘ശിഖരങ്ങ’ളിൽ അഭിനയിക്കുകയും ചെയ്‌തു.
‘ശിഖരങ്ങൾ’ പോലെ പടരുന്ന മനുഷ്യബന്ധങ്ങളെക്കുറിച്ചായിരുന്നു കഥ. അതിൽ അക്കാലത്തെ ട്രെൻഡ് ആയ അവിഹിതഗർഭവും, പിന്നീടുള്ള കണ്ടുമുട്ടലും ഒക്കെ ഉണ്ടായിരുന്നു. കഥ ഇഷ്ടപെട്ട തമിഴ് എഴുത്തുകാരനും നിർമ്മാതാവുമായ പഞ്ചു അരുണാചലം അന്ന് 25,000 രൂപയ്ക്ക് ഷീലയിൽ നിന്നും പകർപ്പവകാശം വാങ്ങി ‘രുസി കണ്ട പൂനൈ’ എന്ന പേരിൽ അത് തമിഴിൽ റീമേയ്ക്ക് ചെയ്‌തു.
മലയാളത്തിൽ കെ.ജെ ജോയ് ആയിരുന്നു സംഗീതം. ‘നിനക്ക് ഞാൻ സ്വന്തം’ എന്ന ജാനകിപ്പാട്ട് ഹിറ്റായി.
‘ശിഖരങ്ങൾ’ എന്ന സിനിമയെക്കുറിച്ച് വിക്കിപീഡിയയിൽ തെറ്റായ വിവരങ്ങൾ കടന്നു കൂടിയിട്ടുണ്ട്. സംവിധാനം ഐ.വി ശശിയെന്നും കമൽഹാസൻ അഭിനയിക്കുന്നെന്നുമാണ് വിക്കി വിവരം.
സമ്പാദകൻ: സുനിൽ കെ ചെറിയാൻ