സാന്‍ഫ്രാന്‍സിസ്കോ: ട്വിറ്റര്‍ മേധാവി സ്ഥാനം ഒഴിയണോ എന്ന ചോദ്യത്തോട് ഭൂരിപക്ഷവും പ്രതികൂലമായി പ്രതികരിച്ചതിന് പിന്നാലെ ഇലോണ്‍ മസ്ക് സി.ഇ.ഒ. സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന. തനിക്ക് പകരം സി.ഇ.ഒ. സ്ഥാനത്തേക്ക് മസ്ക് മറ്റൊരാളെ തേടുന്നതായി വാര്‍ത്താമാധ്യമമായ സി.എന്‍.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം മസ്ക് തന്നെ നടത്തിയ ട്വിറ്റര്‍ പോളില്‍, ഫലത്തെ താന്‍ അംഗീകരിക്കുമെന്ന് സൂചിപ്പിച്ചിരുന്നു.
1.7 കോടിയോളം ഉപയോക്താക്കള്‍ പങ്കെടുത്ത പോളില്‍ 57.5 ശതമാനം പേരും മസ്ക് ട്വിറ്റര്‍ മേധാവിയായി തുടരരുത് എന്ന് അഭിപ്രായപ്പെട്ടു. 42.5 ശതമാനം ആളുകളാണ് മസ്കിന് അനുകൂലമായി വോട്ട് ചെയ്തത്. ഇതിന് പിന്നാലെ ”നിങ്ങളുടെ ആഗ്രഹങ്ങളെക്കുറിച്ച് ശ്രദ്ധാലുവാകുക, അത് നിങ്ങള്‍ക്ക് ലഭിച്ചേക്കാ”മെന്ന് മസ്ക് ട്വീറ്റ് ചെയ്തിരുന്നു. ”അധികാരം വേണ്ടവര്‍ കുറഞ്ഞപക്ഷം അത് അര്ഹിക്കുകയെങ്കിലും ചെയ്യണ”മെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് മസ്ക് പുതിയ സി.ഇ.ഒയെ തേടുന്നുവെന്ന വിവരം പുറത്തുവരുന്നത്. ട്വിറ്റര്‍ വൃത്തങ്ങളെ ഉദ്ധരിച്ചാണ് സി.എന്‍.ബി.സിയുടെ റിപ്പോര്‍ട്ട്. എന്നാല്‍, ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ മസ്ക് തയ്യാറായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോള്‍ നടത്തുന്നതിന് മുമ്പേ തന്നെ മസ്ക് പുതിയ സി.ഇ.ഒക്കായി ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നുവെന്നാണ് വിവരം.