CrimeNEWS

സൗഹൃദം അവസാനിപ്പിച്ചതി​ന് 17കാരിക്കു നേരെ ആസിഡാക്രമണം: നിരോധനം ലംഘിച്ച് ഫ്ലിപ്കാർട്ട് വഴി ആസിഡ് വിറ്റത് ആഗ്രയിലെ സ്ഥാപനം

ദില്ലി: ദ്വാരകയിൽ 17കാരിക്കു നേരെ ആസിഡാക്രമണം നടത്തിയവർക്ക് ആസിഡ് വിറ്റത് ആഗ്രയിലെ സ്ഥാപനമെന്ന് പൊലീസ്. നിരോധനം ലംഘിച്ച് ഫ്ലിപ്കാർട്ട് വഴിയാണ് പ്രതി ആസിഡ് വാങ്ങിയത്. മുഖ്യപ്രതി സച്ചിൻ അറോറയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്ഥാപന അധികൃതർക്ക് പോലീസ് നോട്ടീസയച്ചു. സൗഹൃദം അവസാനിപ്പിച്ചതി​ന്റെ പേരിൽ പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്. ഫ്ലിപ്കാർട്ടിലൂടെ ഇ-വാലറ്റ് വഴി പണം നൽകിയാണ് ആസിഡ് വാങ്ങിയതെന്ന് പ്രതി സച്ചിൻ പൊലീസിനോട് പറഞ്ഞു.

ഈ വിവരത്തി​ന്റെ അടിസ്ഥാനത്തിൽ വിൽപ്പനക്കാരെ കുറിച്ചുള്ള വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഫ്ലിപ്കാർട്ടിന് ദില്ലി പൊലീസ് നോട്ടീസ് നൽകി. പിന്നാലെ ആഗ്രയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ആസിഡ് വിറ്റതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. നൂറ് മില്ലി ലിറ്ററിന് അറുന്നൂറ് രൂപയാണ് വില. രാജ്യത്ത് ആസിഡ് വിൽപ്പനയ്ക്ക് നിരോധനം നിലനിൽക്കയാണ് നിയമവിരുദ്ധമായ ഓൺലൈൻ വിൽപ്പന. കമ്പനിക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് പൊലീസ് നീക്കം.

Signature-ad

കഴിഞ്ഞ ബുധനാഴ്ച സഹോദരിക്കൊപ്പം സ്കൂളിലേക്ക് പോകുന്നതിനിടെയാണ് വിദ്യാർഥിനിക്ക് നേരേ ആസിഡ് ആക്രമണമുണ്ടായത്. സംഭവത്തിൽ സച്ചിൻ കൂടാതെ സുഹൃത്തുക്കളായ ഹർഷിത് അഗർവാൾ , വീരേന്ദർ സിങ് എന്നിവരും അറസ്റ്റിലായിരുന്നു. നേരത്തെ പെൺകുട്ടിയുമായി സൗഹൃദത്തിലുണ്ടായിരുന്നെന്നും പെൺകുട്ടി അകന്നതാണ് ആക്രമിക്കാൻ കാരണമെന്നും സച്ചിൻ പറഞ്ഞതായി പോലീസ് അറിയിച്ചു. ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ട പെൺകുട്ടിക്ക് മുഖത്തും കണ്ണിന് കഴുത്തിലും സാരമായി പൊള്ളലേറ്റിട്ടുണ്ട്.

ആസിഡ് വിൽപ്പനയുമായി ബന്ധപ്പെട്ട് ഇ-കൊമേഴ്‌സ് കമ്പനികളായ ഫ്ലിപ്കാർട്ടിനും മീഷോയ്ക്കും സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) നോട്ടീസ് അയച്ചിട്ടുണ്ട്. ആസിഡ് വിൽപന മാനദണ്ഡങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ ആസിഡ് വിൽക്കാൻ അനുവദിച്ചതിന് രണ്ട് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾക്കും ദില്ലി വനിതാ കമ്മീഷനും നോട്ടീസ് അയച്ചിരുന്നു.

Back to top button
error: