ന്യൂഡല്‍ഹി: നയതന്ത്ര സ്വര്‍ണക്കടത്തുക്കേസ് അന്വേഷണം അവസാനിപ്പിക്കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. അന്വേഷണം അവസാനിപ്പിക്കാന്‍ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടില്ല. കേരളത്തിന് പുറത്തേക്ക് കേസ് മാറ്റാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് (ഇ.ഡി) സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.കേസില്‍ സംസ്ഥാന ഭരണസംവിധാനം വന്‍തോതില്‍ ദുരുപയോഗം ചെയ്യുന്നെന്ന് കോടതിയെ അറിയിച്ചുവെന്നും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. വിഷയത്തില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ ചോദ്യത്തിന് കേന്ദ്ര ധനകാര്യസഹമന്ത്രി പങ്കജ് ചൗധരിയാണ് ലോകസ്ഭയില്‍ രേഖാമൂലം മറുപടി നല്‍കിയത്.
കേസില്‍ ഉന്നതരുടെ പങ്കാളിത്തം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നുണ്ടോ? അങ്ങനെയെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍, കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും പങ്കാളിത്തമുള്ളതുകൊണ്ട് അന്വേഷണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടോ? ഇതുമായി ബന്ധപ്പെട്ട് വിദേശ മന്ത്രാലയത്തില്‍ നിന്ന് ധനമന്ത്രാലയത്തിന് എന്തെങ്കിലും അഭ്യര്‍ഥന ലഭിച്ചിട്ടുണ്ടോ?, കേസ് സുഗമമായി അന്വേഷിക്കുന്നതില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടോ, കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടോ എന്നീ ചോദ്യങ്ങള്‍ക്കാണ് ധനമന്ത്രാലയം മറുപടി നല്‍കിയത്.
അന്വേഷണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്, നിലവിലെ സാഹചര്യത്തില്‍ അത്തരമൊരു നിര്‍ദേശം വിദേശകാര്യമന്ത്രാലത്തില്‍നിന്ന് ലഭിച്ചിട്ടില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ രണ്ട് എഫ്.ഐ.ആറുകള്‍ ഫയല്‍ ചെയ്തിരുന്നു. ഇതിനെതിരെ ഇഡി ഹൈക്കോടതിയെ സമീപിക്കുകയും എഫ്.ഐ.ആറുകള്‍ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. മാത്രമല്ല, സംസ്ഥാനത്തിനു പുറത്തേക്ക് കേസിന്റെ വിചാരണ മാറ്റാന്‍ ഇഡി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഭരണസംവിധാനം വലിയ തോതില്‍ കേസില്‍ ദുരുപയോഗം ചെയ്യുന്നു, ഇഡി ഉദ്യോഗസ്ഥരെ അവരുടെ ചുമതല നിറവേറ്റുന്നതില്‍ നിന്നും സംസ്ഥാന പൊലീസ് തടയുന്നു എന്നീ കാര്യങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും ധനമന്ത്രാലയം വ്യക്തമാക്കി.