കൊച്ചി: നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ട്, ഹര്‍ത്താലിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ സര്‍ക്കാരിനു ഹൈക്കോടതിയുടെ വിമര്‍ശനം. സ്വത്തു കണ്ടുകെട്ടല്‍ നടപടി ഇഴഞ്ഞു നീങ്ങുന്നതിനെതിരെ കോടതി രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി. സ്വത്തു കണ്ടുകെട്ടുന്നതിന് 6 മാസം സമയം വേണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടതാണു കോടതിയെ ചൊടിപ്പിച്ചത്.
കോടിക്കണക്കിനു രൂപയുടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ ഇത്തരം അലംഭാവം പാടില്ലെന്നു കോടതി പറഞ്ഞു. പൊതുമുതല്‍ നശിപ്പിച്ചതു നിസ്സാരമായി കണക്കാക്കാനാകില്ലെന്നു പറഞ്ഞ കോടതി, സ്വത്ത് കണ്ടെത്തല്‍ ഉള്‍പ്പെടെയുള്ള എല്ലാ നടപടികളും ജനുവരിക്കകം പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടു. വെള്ളിയാഴ്ച കേസ് പരിഗണിക്കുമ്പോള്‍ അഡിഷനല്‍ ചീഫ് സെക്രട്ടറിയോടു കോടതിയില്‍ ഹാജരാകാനും നിര്‍ദേശിച്ചു.
കഴിഞ്ഞ സെപ്റ്റംബര്‍ 23നു പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിലെ ആക്രമണങ്ങളില്‍ വ്യാപക ആക്രമണമാണു സംസ്ഥാനത്തുടനീളം അരങ്ങേറിയത്. പോപ്പുലര്‍ ഫ്രണ്ടിന്റെയും സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താറിന്റെയും വസ്തുവകകള്‍ കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സര്‍ക്കാരിനോടു നേരത്തേയും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. നിരവധി കെഎസ്ആര്‍ടിസി ബസുകളാണു അക്രമികള്‍ തകര്‍ത്തത്. നൂറുകണക്കിനു പേര്‍ അറസ്റ്റിലായി.