എസ് എൽ പുരം- കെഎസ് സേതുമാധവൻ ചിത്രം ‘ഭാര്യമാർ സൂക്ഷിക്കുക’ തീയേറ്ററിലെത്തിയിട്ട് ഇന്ന് 54 വർഷം
സിനിമ ഓർമ്മ
അവിഹിത ബന്ധങ്ങൾ അപകടത്തിലേ കലാശിക്കൂ എന്ന സന്ദേശം നൽകിയ ‘ഭാര്യമാർ സൂക്ഷിക്കുക’ എന്ന സിനിമ റിലീസ് ചെയ്തിട്ട് ഇന്ന് 54 വർഷമാകുന്നു. നിർമ്മാതാവ് റ്റി.ഇ വാസുദേവന്റെ കഥയ്ക്ക് എസ് എൽ പുരം തിരക്കഥയെഴുതി. കെഎസ് സേതുമാധവൻ സംവിധാനം ചെയ്തു.
സുരേഷും (നസീർ) വാസന്തിയും (കമലാദേവി) ഭാര്യാഭർത്താക്കന്മാർ. സുരേഷിന്റെ പാട്ടിൽ ‘ആകാശം ഭൂമിയെ വിളിച്ചത് പോലെ’ ആകൃഷ്ടയാവുന്നത് മറ്റൊരു ഭർത്തൃമതി ശോഭ (ഷീല). അവരുടെ അവിഹിതബന്ധം അവസാനിക്കുന്നത് കൊലപാതകങ്ങളിലാണ്. നായിക നായകനെ കൊല്ലുന്ന അപൂർവം ക്ലൈമാക്സാണ് ചിത്രത്തിൽ.
ശ്രീകുമാരൻ തമ്പി- ദക്ഷിണാമൂർത്തി ടീമിന്റെ അനശ്വര ഗാനങ്ങളാണ് ചിത്രത്തിലെ പ്രത്യേകത. ‘ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്ത’വും ‘വൈക്കത്തഷ്ടമി നാളി’ലും ഇന്നും കരോക്കെ ഉപയോഗിച്ച് പാടുന്നവർ നിരവധി.
നിർമ്മാതാവ് റ്റി.ഇ വാസുദേവൻ കഥകളെഴുതിയിരുന്നത് വി ദേവൻ എന്ന തൂലികാനാമത്തിലാണ്. കൊച്ചിൻ എക്സ്പ്രസ്സ്, മറുനാട്ടിൽ ഒരു മലയാളി, ലോട്ടറി ടിക്കറ്റ് തുടങ്ങിയ സിനിമകളുടെ കഥകൾ അദ്ദേഹത്തിന്റേതാണ്.
സമ്പാദകൻ: സുനിൽ കെ ചെറിയാൻ