കണ്ണൂര്‍: മട്ടന്നൂര്‍ ചാവശേരി പറമ്പ് ബംഗ്ലാവിന് സമീപത്തെ ടി എന്‍ മൈമൂന ക്ക് (47) വെട്ടേറ്റ സംഭവത്തില്‍ പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഗുരുതരമായി പരുക്കേറ്റ മൈമൂന കണ്ണൂർ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ യുവതിയുടെ വീടിന് സമീപത്തെ റോഡില്‍വെച്ചായിരുന്നു സംഭവം.
ബന്ധുവിനെ വാഹനം കയറ്റിവിടാന്‍ റോഡിലെത്തിയ മൈമൂന തിരികെ വീട്ടിലേക്ക് പോകുന്നതിനിടെ അയല്‍വാസി കത്തി കൊണ്ട് കഴുത്തിന് വെട്ടുകയായിരുന്നു. ബഹളം കേട്ടെത്തിയ അയല്‍വാസികളാണ് മൈമൂനയെ ആശുപത്രിയില്‍ എത്തിച്ചത്.
വീട്ടുമുറ്റത്ത് നിന്നും വസ്ത്രങ്ങള്‍ അലക്കിയ വെള്ളം റോഡിലേക്ക് ഒഴുകുന്നതിനെ കുറിച്ചു മൈമൂന അയൽവാസിയോട് ചോദിച്ചതായും ഇതിനു ശേഷമാണ് കത്തിയുമായെത്തി വെട്ടിയതെന്നുമാണ് പറയുന്നത്. ഇയാളുടെ വീടിന് സമീപത്തു കൂടി മറ്റ് വീടുകളിലേക്ക് റോഡുനിര്‍മിച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
മൈമൂന അടുത്ത ദിവസം വിദേശത്തുള്ള ബന്ധുവിനടുത്തേക്ക് പോകാനിരിക്കെയാണ് വെട്ടേറ്റത്. കൂത്തുപറമ്പ് എ.സി.പി പ്രദീപന്‍ കണ്ണിപൊയിലിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരികയാണ്. കണ്ണൂര്‍ ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.