കുറഞ്ഞ ചെലവിൽ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് യാത്രയൊരുക്കുന്നതിന് കെ.എസ്.ആർ.ടി.സി. തുടങ്ങിയ ബജറ്റ് ടൂറിസം പദ്ധതി ഒരുവർഷം പിന്നിടുമ്പോൾ കൈവരിച്ചത് മികച്ച വരുമാനനേട്ടം. ഒരു വർഷം കൊണ്ട് 10.45 കോടി രൂപയാണ് കോർപറേഷൻ പെട്ടിയിലാക്കിയത്. ടിക്കറ്റിതര വരുമാനയിനത്തിൽ ഇത്രയധികം ലാഭം നൽകിയ മറ്റൊരു പദ്ധതിയില്ല. 2021 നവംബറിലാണ് ടിക്കറ്റിതര വരുമാനം ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ രൂപവത്കരിച്ചത്. 2021 നവംബർ മുതൽ 2022 ഒക്ടോബർവരെയുള്ള ഒരുവർഷത്തിനിടയിൽ 10,45,06,355 രൂപയാണ് പദ്ധതിവഴി ലഭിച്ചത്.
എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത ഡിപ്പോകളിൽനിന്നാണ് സർവീസുകൾ നടത്തുന്നത്. കഴിഞ്ഞ ഒരുവർഷത്തിനിടെ 602 ടൂർ പാക്കേജുകളിലായി 2907 ട്രിപ്പുകൾ നടത്തി. മൊത്തം 1,94,184യാത്രക്കാർ യാത്രചെയ്തു. സഞ്ചരിച്ച കിലോമീറ്റർ 7,77,401. ഇതിൽ നിന്നാണ് ഇത്രയധികം വരുമാനം കോർപ്പറേഷന് ലഭിച്ചത്. പദ്ധതിയുടെ രണ്ടാം വർഷത്തിൽ അന്തഃസംസ്ഥാന യാത്രകൾ ഒരുക്കാനാണ് ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷ്യം. കെ.എസ്.ആർ.ടി.സി. ബസുകൾക്ക് പുറമേ മറ്റ് ഏജൻസികളുടെ സഹായത്തോടെ വിവിധ സംസ്ഥാനങ്ങളിലേക്ക് വിനോദയാത്രകൾ സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനുപുറമേ കേരളത്തിനുള്ളിൽ ബസ്സിനുള്ളിൽത്തന്നെ താമസസൗകര്യത്തോടെയുള്ള ടൂർ പാക്കേജുകളും ലക്ഷ്യമിടുന്നുണ്ട്. ബസ്സിനുള്ളിൽ താമസവും ഭക്ഷണവും ലഭ്യമാക്കുന്ന പദ്ധതി 2023ഓടെ നടപ്പാക്കാനാണ് പദ്ധതി. ബസുകളുടെ ദൗർലഭ്യമാണ് ഇതിനുള്ള പ്രതിസന്ധിയെന്ന് കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ സ്റ്റേറ്റ് കോഓർഡിനേറ്റർ വി. പ്രശാന്ത് പറഞ്ഞു.