കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാർഥി കലാമേളയായ സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇനി രണ്ടാഴ്ച മാത്രം. ഒരുക്കങ്ങൾക്ക് ആവേശത്തുടക്കം. പ്രധാനവേദിയുടെ പന്തലിനു കാൽനാട്ടി. കോവിഡ് കാരണം രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്നത്. അതുകൊണ്ടു തന്നെ വിദ്യാർഥികളും അധ്യാപകരും സംഘാടകരുമെല്ലാം വലിയ ആവേശത്തിലാണ്. ജനുവരി മൂന്നു മുതൽ ഏഴു വരെയാണ് കോഴിക്കോട്ട് സംസ്ഥാന സ്കൂൾ കലോത്സവം.
കലാമേളയുടെ ഒന്നാമത്തെ വേദി വെസ്റ്റ്ഹില്ലിലെ ക്യാപ്റ്റൻ വിക്രം മൈതാനത്താണ് ഒരുങ്ങുന്നത്. ഈസ്റ്റ്ഹിൽ ബാരക്സിലെ മദ്രാസ് റെജിമെന്റ് ടെറിട്ടോറിയൽ ആർമിയുടെ കീഴിലാണ് വെസ്റ്റ്ഹിൽ വിക്രം മൈതാനം. പൊതുപരിപാടികൾക്ക് സാധാരണയായി പട്ടാളത്തിന്റെ മൈതാനങ്ങൾ വിട്ടുകൊടുക്കാറില്ല. എന്നാൽ കലോത്സവത്തിന് ആവശ്യമായ സൗകര്യങ്ങളൊരുക്കാനും ഗതാഗത സംവിധാനം സുഗമമാക്കാനും മൈതാനം കിട്ടിയാൽ നന്നായിരിക്കുമെന്ന നിർദേശത്തെ തുടർന്നാണ് പട്ടാളത്തെ സമീപിച്ചത്. കുട്ടികളുടെ കലാമേളയാണെന്നതിനാൽ മൈതാനം വിട്ടുനൽകാൻ സന്തോഷത്തോടെ പട്ടാളം സമ്മതിക്കുകയും ചെയ്തു.
എട്ടേക്കർ വലിപ്പമുള്ളതാണ് മൈതാനം. മൈതാനത്തിനു നടുവിൽ ഹെലിപാഡുമുണ്ട്. മൈതാനം വിട്ടുകിട്ടിയതോടെ ഇവിടെയുള്ള പുല്ലുവെട്ടാനുള്ള ജോലികൾ തുടങ്ങിയിട്ടുണ്ട്. മൈതാനത്തിന്റെ വടക്കുഭാഗത്തായാണ് ഒന്നാംവേദി ഒരുങ്ങുന്നത്. ഹെലിപാഡ് വരുന്ന ഭാഗത്ത് കാണികൾക്ക് ഇരിക്കാവുന്ന തരത്തിലായിരിക്കും ക്രമീകരണം. മുൻകാലങ്ങളിൽ പ്രധാനവേദിക്ക് അഞ്ചുനില പന്തലാണ് ഒരുക്കിയിട്ടുള്ളത്.
ഇത്തവണ പന്തലിന്റെ പ്രത്യേകതകൾ എന്തായിരിക്കുമെന്നത് ഇതുവരെ പുറത്തുവിട്ടിട്ടില്ല. മന്ത്രി പി.എ.മുഹമ്മദ് റിയാസ് പന്തലിന്റെ കാൽനാട്ടു കർമം നിർവഹിച്ചു. സ്വാഗതസംഘം വർക്കിങ് ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ, വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് മണിയൂർ, എസ്എസ്കെ ജില്ലാ കോഓർഡിനേറ്റർ എ.കെ.അബ്ദുൽ ഹക്കീം തുടങ്ങിയവർ പങ്കെടുത്തു.