രണ്ടു വര്‍ഷമായി മേല്വിലാസക്കാര്ക്കു നല്‍കാതെ ഒളിപ്പിച്ചു വച്ച അഞ്ച് ചാക്കോളം തപാൽ ഉരുപ്പടികൾ കണ്ടെത്തി. മലപ്പുറം എടക്കര പാലേമാട് പോസ്റ്റോഫീസിനു സമീപത്തെ കെട്ടിടത്തിലാണ് ഇവ കണ്ടെത്തിയത്. പോസ്റ്റോഫീസിന് എതിര്‍വശത്തെ കെട്ടിടത്തിനു മുകളിലായി ചപ്പുചവറുകള്‍ നിക്ഷേപിക്കുന്നയിടത്താണ് അഞ്ച് ചാക്ക് കെട്ടുകളിലായി തപാല്‍ ഉരുപ്പടികള്‍ ഒളിപ്പിച്ചിരുന്നത്. കെട്ടിടത്തിന്റെ മുകള്ഭാഗം വൃത്തിയാക്കാന്‍ പോയ ആളാണ് തപാല്‍ ഉരുപ്പടികള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഇയാള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു നാട്ടുകാര്‍ സംഭവസ്ഥലത്ത് തടിച്ചുകൂടി. നൂറുക്കണക്കിനു ആധാര്‍ കാര്‍ഡുകളും, പി.എസ്.സി നിയമന അറിയിപ്പുകളും ഇതിൽപ്പെടും. വിവിധ ബാങ്കുകളില്‍ നിന്നുള്ള നോട്ടിസുകളും, സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള കത്തുകളുമടങ്ങുന്ന രേഖകളാണ് തപാൽ വകുപ്പിൻ്റെ കെടുകാര്യസ്ഥതയുടെ ഫലമായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
പി.എസ്.സി പരീക്ഷ അറിയിപ്പുകള് പോലും ഉദ്യോഗാര്‍ഥികള്‍ക്കു നല്‍കാതെ കൊടും ക്രൂരതയാണ് ജീവനക്കാര്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തിയിരുന്നത് എന്നാണ് ഇതിലൂടെ പുറത്തുവന്ന വസ്തുത. വിലപ്പെട്ട രേഖകള്‍ ഉള്ളതിനാല്‍ നാട്ടുകാർ എടക്കര പൊലിസ് സ്റ്റേഷനിൽ വിവരമറിയിയിച്ചു. തുടർന്ന് പൊലിസ് എത്തി തപാൽ ഉരുപ്പടികൾ അടങ്ങിയ ചാക്കുകെട്ടുകൾ സ്റ്റേഷനിലേക്കു കൊണ്ടുപോയി.