KeralaNEWS

ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ പുതിയ സംവിധാനം; സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ

പത്തനംതിട്ട: ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി പോലീസ്. ഇതിന്റെ ഭാഗമായി സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഒരുക്കും. ഇവർക്ക് വെള്ളവും ലഘുഭക്ഷണവും നൽകും.

തിരക്ക് നിയന്ത്രിക്കാൻ സന്നിധാനത്തും പമ്പയിലും മറ്റ് പ്രധാന ഇടങ്ങളിലുമായി കൂടുതൽ സേനാംഗങ്ങളെ വിന്യസിക്കും. പാർക്കിങ് സംവിധാനം മെച്ചപ്പെടുത്തുന്നതിനുളള കാര്യങ്ങൾ പരിശോധിക്കും. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഉൾപ്പെടെയുള്ളവർ നേരിട്ടെത്തി പുതിയ ക്രമീകരണങ്ങൾ വിലയിരുത്തും. ഇതിലൂടെയെല്ലാം തിരക്ക് പൂർണമായും നിയന്ത്രണ വിധേയമാക്കാനാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. ആവശ്യമെങ്കിൽ കൂടുതൽ പോലീസിനെയും നിയോഗിക്കും. കാനനപാതയിലും കൂടുതൽ സൗകര്യം ഒരുക്കും. വിവിധ വകുപ്പുകൾ പ്രത്യേകയോഗം ചേർന്ന് പോരായ്മകൾ പരിഹരിക്കും. വാഹന പാർക്കിങ്ങിന് കൂടുതൽ സ്ഥലവും നിലയ്‌ക്കലിലെ പാർക്കിങ് കേന്ദ്രത്തിൽ കൂടുതൽ ജീവനക്കാരെയും നിയോഗിക്കും.

Signature-ad

കെഎസ്ആർടിസി ബസ് സീറ്റിങ് കപ്പാസിറ്റിയിൽ കൂടുതൽ നിർത്തി കൊണ്ടുപോകില്ലെന്ന് ഉറപ്പാക്കും. ദൂരസ്ഥലങ്ങളിൽനിന്ന് വരുന്ന കെഎസ്ആർടിസി ബസുകൾ നേരെ പമ്പയിലേക്ക് വരാനും സൗകര്യമൊരുക്കും. അതേസമയം ധനു മാസം ഒന്നാം തിയതിയായ ഇന്ന് 93,456 പേരാണ് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ ഭക്തജനത്തിരക്കേറിയതോടെ സന്നിധാനത്തെയുൾപ്പെടെ സകല നിയന്ത്രണങ്ങളും പാളിയിരുന്നു. ശരണ വഴികൾ തീർഥാടകരെ കൊണ്ട് നിറഞ്ഞതോടെ വഴിയിൽ തീർഥാടക വാഹനങ്ങൾ തടഞ്ഞിടേണ്ട സ്ഥിതിയുമുണ്ടായി കുട്ടികളുമായെത്തിയവർ പോലും മണിക്കൂറുകൾ ക്യൂ നിൽക്കേണ്ടി വന്നു. ഇതൊഴിവാക്കാനാണ് പുതിയ സംവിധാനം.

 

 

 

Back to top button
error: