CrimeNEWS

തെലങ്കാനയിൽ കോൺ​ഗ്രസ് ഓഫിസിലും വാർ റൂമിലും അർധരാത്രി പൊലീസ് റെയ്ഡ്; മൂന്ന് പേർ കസ്റ്റഡിയിൽ

ഹൈദരാബാദ്: തെലങ്കാനയിൽ കോൺ​ഗ്രസ് പാർട്ടിയുടെ സോഷ്യൽമീഡിയ പ്രചാരണ ഓഫിസിലും വാർ റൂമിലും പൊലീസ് റെയ്ഡ്.  ഇനോർബിറ്റ് മാളിന് സമീപമുള്ള മദാപൂരിലെ ഓഫിസിലാണ് റെയ്ഡ് നടത്തിയത്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ നേതൃത്വത്തിലാണ്  തെലങ്കാന കോൺഗ്രസ് വാർ റൂമും സോഷ്യൽ മീഡിയ ഓഫീസും പ്രവർത്തിച്ചിരുന്നത്. തെലങ്കാന സർക്കാരിനും മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ അടങ്ങിയ പോസ്റ്റ് പ്രചരിപ്പിച്ചതിനെ തുടർന്നായിരുന്നു റെയ്ഡ്. മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

എസിപി കെവിഎം പ്രസാദിന്റെ നേതൃത്വത്തിലുള്ള ഹൈദരാബാദ് പോലീസ് കമ്മീഷണറേറ്റിലെ സൈബർ ക്രൈം ടീം ചൊവ്വാഴ്ച അർധരാത്രിയോടെ എത്തിയാണ് റെയ്ഡ് നടത്തിയത്. ഐഐഎം, ബിറ്റ്‌സ്-പിലാനി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവിടങ്ങളിൽ നിന്നുള്ള ബിരുദധാരികളാണ് കസ്റ്റഡിയിലായതെന്ന് പൊലീസ് അറിയിച്ചു. ഐപി മാസ്കിംഗ് ടൂളുകൾ ഉപയോഗിച്ചതിനാൽ പ്രതികളെ കണ്ടെത്തുന്നതിന് പൊലീസ് ബുദ്ധിമുട്ടിയെന്നും അധിക്ഷേപകരവും അപകീർത്തികരവും അപമാനകരവുമായ പോസ്റ്റുകൾ വ്യാജ പ്രൊഫൈലുകളിലൂടെ അപ്‌ലോഡ് ചെയ്യുകയാണ് ഇവർ ചെയ്തതെന്നും പൊലീസ് പറഞ്ഞു.

Signature-ad

കോൺ​ഗ്രസിന്റെ വാർ റൂം കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനമെന്ന് തെളിയിക്കുന്ന രേഖകൾ കൈവശമുണ്ടെന്നും എസിപി പറഞ്ഞു. മൂന്ന് ജീവനക്കാരുടെയും കമ്പ്യൂട്ടറുകളും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. വാർ റൂം റെയ്ഡിനെതിരെ കോൺ​ഗ്രസ് രം​ഗത്തെത്തി. പാർട്ടി വാർ റൂമിലെ പൊലീസ് നടപടിയെ പാർട്ടി അപലപിച്ചു. മുഖ്യമന്ത്രി കെസിആറിന്റെ കോലം കത്തിക്കാനും എല്ലാ മണ്ഡലങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കാനും ബുധനാഴ്ച പോലീസ് കമ്മീഷണറേറ്റിന് മുന്നിൽ വൻ ധർണ നടത്താനും  തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ എ രേവന്ത് അണികളോട് ആഹ്വാനം ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാക്കളായ മുഹമ്മദ് അലി ഷബീറും മല്ലു രവിയും പൊലീസ് റെയ്ഡിനെ അപലപിച്ചു.മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിനാണ് വാര്‍ റൂം റെയ്ഡ് ചെയ്ത് പ്രവര്‍ത്തകരെ പിടികൂടിയതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

Back to top button
error: