KeralaNEWS

ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കാന്‍ സര്‍ക്കാര്‍; സഭ പിരിഞ്ഞതായി വിജ്ഞാപനമില്ല

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗമില്ലാതെ അടുത്ത മാസം നിയമസഭയുടെ ബജറ്റ് സമ്മേളനം ചേരാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇന്നലെ പിരിഞ്ഞ സഭാ സമ്മേളനത്തിന്റെ തുടര്‍ച്ചയായാണ് അടുത്ത മാസം സഭ ചേരുക. പുതിയ വര്‍ഷത്തിലെ ആദ്യ സമ്മേളനം വിളിച്ചു കൂട്ടുമ്പോള്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങണമെന്നാണ് ചട്ടം.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കുന്നതിനുള്ള സര്‍വകലാശാലാ നിയമ ഭേദഗതി ഉള്‍പ്പെടെയുള്ള നിയമ നിര്‍മാണത്തിനായാണ് ഈ മാസം പ്രത്യേക സമ്മേളനം ചേര്‍ന്നത്. ഇന്നലെ സമ്മേളനം പിരിഞ്ഞെങ്കിലും അനിശ്ചിതമായി പിരിഞ്ഞതായി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. അതിനാല്‍ അടുത്ത മാസം ചേരുന്ന സമ്മേളനം ഇടവേളയ്ക്കുശേഷം ഈ സമ്മേളനത്തിന്റെ തുടര്‍ച്ചയായാണ് പരിഗണിക്കുക.

Signature-ad

ഈ സമ്മേളനത്തിന്റെ തുടര്‍ച്ചയായി അടുത്ത മാസം ബജറ്റ് സമ്മേളനം ചേരുന്നതിലൂടെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നീട്ടിവയ്ക്കാനാവും. എന്നാല്‍ ബജറ്റ് സമ്മേളനം പിരിഞ്ഞ് അടുത്ത സമ്മേളനം ചേരുമ്പോള്‍ നയപ്രഖ്യാപന പ്രസംഗം നടത്തേണ്ടിവരും.

 

 

Back to top button
error: