CrimeNEWS

ഗുജറാത്ത് കലാപകേസ്: പ്രതികളെ വെറുതെ വിട്ടതിനെതിരെ ബിൽക്കിസ് ബാനു നൽകിയ ഹ‌ർജി പരിഗണിക്കുന്നതിൽനിന്ന് സുപ്രീം കോടതി ജഡ്ജി പിന്മാറി

ദില്ലി: ഗുജറാത്ത് കലാപകേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ ബിൽക്കിസ് ബാനു നൽകിയ ഹ‌ർജി പരിഗണിക്കുന്നതിൽനിന്ന് സുപ്രീം കോടതി ജഡ്ജി ബേല എം ത്രിവേദി പിന്മാറി. ജസ്റ്റിസ് അജയ് രസ്തോഗിയും ജസ്റ്റിസ് ബേല എം ത്രിവേദിയും അംഗമായ ബെഞ്ചിലാണ് ഇന്ന് കേസ് ലിസ്റ്റ് ചെയ്തിരുന്നത്. ഹർജി പരിഗണനയ്ക്കെത്തിയപ്പോൾ തങ്ങളിലൊരാൾ അംഗമല്ലാത്ത ബെ‍ഞ്ചിൽ കേസ് ലിസ്റ്റ് ചെയ്യാൻ ജസ്റ്റിസ് അജയ് രസ്തോഗി നിർദേശിച്ചു. കേസിൽനിന്ന് പിന്മാറുകയാണെന്ന് ജസ്റ്റിസ് ബേല എം ത്രിവേദിയും അറിയിച്ചു.

2004 മുതൽ 2006 വരെ ഗുജറാത്ത് സർക്കാറിന്റെ നിയമകാര്യ സെക്രട്ടറിയായി ബേല എം ത്രിവേദി പ്രവർത്തിച്ചിട്ടുണ്ട്. ശിക്ഷാകാലാവധി പൂർത്തിയാകും മുൻപ് ഗുജറാത്ത് സർക്കാർ 11 പ്രതികളെ മോചിപ്പിച്ചതിനെയാണ് ഹർജിയിൽ ചോദ്യംചെയ്യുന്നത്. ബിൽക്കീസ് ബാനു കൂട്ടബലാത്സംഗവും കൊലപാതകവും നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട 11 പേരെ ഗുജറാത്ത് സർക്കാർ ജയിലിൽ നിന്ന് മോചിപ്പിച്ചിരുന്നു. ​ഗുജറാത്ത് കലാപത്തിലെ കുപ്രസിദ്ധ സംഭവമാണ് ബിൽക്കീസ് ബാനു കൂട്ടബലാത്സം​ഗക്കേസ്. ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സം​ഗം ചെയ്തതും കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുതുമുൾപ്പെടെയുള്ള കേസുകളിലാണ് പ്രതികൾ ശിക്ഷയനുഭവിച്ചിരുന്നത്.

Signature-ad

2008ൽ മുംബൈ സിബിഐ കോടതിയാണ് കേസിലെ പ്രതികളായ 11 പേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജയിലിൽ 15 വർഷം പൂർത്തിയായെന്നും വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ തീരുമാനമെടുക്കാൻ സുപ്രീം കോടതി ഗുജറാത്ത് സർക്കാരിന് നിർദേശം നൽകി. തുടർന്നാണ് ഇവരെ വിട്ടയയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. 2002 മാർച്ചിൽ ഗോധ്ര സംഭവനത്തിന് ശേഷമുണ്ടായ കലാപത്തിനിടെയാണ് അ‍ഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ 7 പേരെ കൊലപ്പെടുത്തുകയും ചെയ്തത്. കുടുംബത്തിലെ ആറു പേർ ഓടി രക്ഷപ്പെടുകയുമായിരുന്നു. വിവാദമായ സംഭവത്തിൽ രണ്ട് വർഷത്തിന് ശേഷം, 2004ലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

Back to top button
error: