ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കലാപവുമായി ബന്ധപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന് ഒരാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ച് വിചാരണ കോടതി. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണ് ഈ മാസം 23 മുതല്‍ 30 വരെ ജാമ്യം അനുവദിച്ചത്.
രണ്ടാഴ്ചത്തെ ജാമ്യം അനുവദിക്കണമെന്നായിരുന്നു ഉമര്‍ ഖാലിദിന്റെ അപേക്ഷ. 53 പേര് കൊല്ലപ്പെടുകയും എഴുന്നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത 2020 ഫെബ്രുവരിയിലെ കലാപത്തിന്റെ ഗൂഢാലോചനക്കേസില്‍ യു.എ.പി.എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തത്.
കലാപവുമായി ബന്ധപ്പെട്ട ഖജൂരി ഖാസ് കേസില്‍നിന്നു ഉമര്‍ ഖാലിദിനെ കോടതി ഒഴിവാക്കിയിരുന്നു. ഗൂഢാലോചനക്കേസില്‍
രണ്ടേകാല്‍ വര്‍ഷമായി ജയിലില്‍ കഴിയുകയാണ് ഉമര്‍ ഖാലിദ്. യു.എ.പി.എ ചുമത്തിയിരിക്കുന്നതിനാല്‍ മറ്റു കേസുകളില്‍ ജാമ്യം ലഭിച്ചിരുന്നെങ്കിലും പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.