നിങ്ങള്‍ എനിക്ക് എക്കാലത്തേയും വലിയ താരം; റൊണാള്‍ഡോയ്ക്ക് പിന്തുണയുമായി കിങ് കോഹ്ലി

മുംബൈ: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പിന്തുണയുമായി വിരാട് കോലി. റൊണാള്‍ഡോ കായിക ലോകത്തിന് നല്കിയ സംഭാവനകളെ ഒരു കിരീടം കൊണ്ട് അളക്കേണ്ടതല്ലെന്ന് കോഹ്ലി പറഞ്ഞു. നിങ്ങള്‍ എനിക്ക് എക്കാലത്തെയും വലിയ താരമാണെന്നും വിരാട് കോഹ്ലി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. കളിമികവും കളിക്കളത്തിലെ കൂസലില്ലായ്മയും കൊണ്ട് ക്രിക്കറ്റിലെ ‘ക്രിസ്റ്റിയാനോ റൊണാള്‍ഡോ’യെന്ന് കോഹ്ലിയെ വിശേഷിപ്പിക്കുന്നവരും ഏറെയാണ്.
”കായികരംഗത്തും ലോകമെമ്പാടുമുള്ള കായിക പ്രേമികള്‍ക്ക് വേണ്ടിയും നിങ്ങള്‍ നല്കിയ സംഭാവനകളെ ഒരു ട്രോഫിക്കും ഒരു കിരീടത്തിനും എടുത്തുകളയാനാവില്ല. നിങ്ങള്‍ കളിക്കുന്നത് കാണുമ്പോള്‍ എനിക്കും ലോകമെമ്പാടുമുള്ള പലര്‍ക്കും തോന്നുന്ന വികാരങ്ങളേക്കുറിച്ചും ആളുകളില്‍ നിങ്ങള്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും ഒരു കിരീടത്തിനും വിശദീകരിക്കാന്‍ കഴിയില്ല. അത് ദൈവത്തിന്റെ സമ്മാനമാണ്. ഏതൊരു കായികതാരത്തിനും പ്രചോദനമാകുക എന്നതാണ് കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും മൂര്‍ത്തീഭാവമാകുകയും ഓരോ തവണയും അതിഗംഭീരമായി കളിക്കുകയും ചെയ്യുന്ന ഒരു മനുഷ്യന് ലഭിക്കുന്ന യഥാര്‍ത്ഥ അനുഗ്രഹം. നിങ്ങള്‍ എനിക്ക് എക്കാലത്തെയും വലിയവനാണ്”, കോഹ്ലി ഇന്റസ്റ്റഗ്രാമില്‍ കുറിച്ചു.
ക്വാര്‍ട്ടറില്‍ മൊറാക്കോയോട് തോറ്റ് പോര്‍ച്ചുഗല്‍ ലോകകപ്പില്‍നിന്ന് പുറത്തായതിന് പിന്നാലെ കരഞ്ഞുകൊണ്ട് ഗ്രൗണ്ട് വിടുന്ന ക്രിസ്റ്റ്യാനോയുടെ ചിത്രം ലോകമെമ്പാടുമുള്ള ആരാധകരെ വേദനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയ താരത്തെ പിന്തുണച്ചുകൊണ്ടുള്ള കോഹ്ലിയുടെ പോസ്റ്റ്.






