KeralaNEWS

എം.ബി.ബി.എസ്. ക്ലാസിലിരുന്നത് ജാള്യം മറയ്ക്കാനെന്ന് +2 വിദ്യാര്‍ഥിനി! സംഭവത്തില്‍ അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടു

കോഴിക്കോട്: യോഗ്യതയില്ലാതെ എം.ബി.ബി.എസ്. ക്‌ളാസിലിരുന്ന വിദ്യാര്‍ഥിനിയെ പോലീസ് കണ്ടെത്തി. കൊടുവള്ളി സ്വദേശിനി 19 വയസുകാരിയാണ് പ്രവേശനം ലഭിച്ചെന്ന വ്യാജേന ക്‌ളാസിലിരുന്നത്. സ്റ്റേഷനില്‍ ഹാജരായ കുട്ടിയെ മാതാപിതാക്കളുടെ ജാമ്യത്തില്‍ വിട്ടയച്ചു. കോളജില്‍ വ്യാജരേഖ ഹാജരാക്കിയിട്ടുണ്ടോയെന്ന് പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.

നീറ്റ് പരീക്ഷയുടെ ഫലംവന്ന സമയത്ത് ഗോവയില്‍ യാത്രപോയതായിരുന്നെന്നും അവിടെ ലാപ്ടോപ്പ് ഇല്ലാത്തതിനാല്‍ മൊബൈല്‍ഫോണിലാണ് ഫലം പരിശോധിച്ചതെന്നും വിദ്യാര്‍ഥിനി പറഞ്ഞു. 15,000-ാം റാങ്കുള്ള തനിക്ക് അഡ്മിഷന്‍ ലഭിച്ചെന്ന് വിചാരിച്ച് വിവരമറിയിച്ചതോടെ സുഹൃത്തുക്കളും ബന്ധുക്കളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. എന്നാല്‍, നാട്ടിലെത്തിയപ്പോഴാണ് പ്രവേശനം ലഭിച്ചില്ലെന്ന് മനസിലായത്. ജാള്യം മറയ്ക്കാനാണ് കോളജില്‍പോയതും ക്‌ളാസിലിരിക്കുന്ന ഫോട്ടോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചതെന്നുമാണ് കുട്ടി പോലീസിന് മൊഴിനല്‍കിയത്.

Signature-ad

അതേസമയം, യോഗ്യതയില്ലാത്ത വിദ്യാര്‍ഥിനി എം.ബി.ബി.എസ്. ക്ലാസിലിരിക്കാനിടയായ സംഭവത്തില്‍ അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. സംഭവത്തില്‍ കോഴ്സ് കോ-ഓര്‍ഡിനേറ്ററും വകുപ്പുമേധാവികളുമടക്കം അഞ്ചുപേര്‍ക്ക് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. ലഭിച്ച വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പലിന്റെ അധ്യക്ഷതയില്‍ യോഗംചേര്‍ന്ന് റിപ്പോര്‍ട്ട് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അയച്ചു.

പ്രവേശനപ്പട്ടികയില്‍ വിദ്യാര്‍ഥിനിയുടെ പേരില്ലെന്ന് കണ്ടെത്തിയതോടെയാണ് ആഭ്യന്തരാന്വേഷണം നടത്തിയതെന്ന് മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.ജി. സജിത് കുമാര്‍ പറഞ്ഞു. വിവരം പോലീസിന് കൈമാറിയതിനെത്തുടര്‍ന്ന് ബന്ധപ്പെട്ടവരുടെ മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്.

പ്രവേശനപരീക്ഷയില്‍ യോഗ്യതനേടി ആദ്യ അലോട്‌മെന്റില്‍ കോളജിലെത്തിലെത്തിയ 170 കുട്ടികളുടെ ക്‌ളാസ് നവംബര്‍ 15-ന് തുടങ്ങിയിരുന്നു. രണ്ടാഴ്ചകഴിഞ്ഞ് രണ്ടാംഘട്ട അലോട്‌മെന്റിനുശേഷം ക്ലാസ് തുടങ്ങിയപ്പോഴാണ് യോഗ്യതയില്ലാത്ത വിദ്യാര്‍ഥിനി എം.ബി.ബി.എസ്. ക്ലാസിലിരുന്നത്. ഈ ബാച്ചില്‍ 49 കുട്ടികളാണെത്തിയത്. 29 -ന് രാവിലെ ക്‌ളാസ് തുടങ്ങാന്‍നേരം വിദ്യാര്‍ഥികള്‍ കൂട്ടമായെത്തിയപ്പോള്‍ പ്രവേശനകാര്‍ഡ് പരിശോധിക്കാതെ പേര് ഹാജര്‍പട്ടികയില്‍ ചേര്‍ക്കുകയായിരുന്നു.

തലേദിവസംതന്നെ അലോട്‌മെന്റ് ലിസ്റ്റ് കോഴ്സ് കോ-ഓര്‍ഡിനേറ്റര്‍ക്ക് നല്‍കിയിരുന്നെങ്കിലും ഇക്കാര്യം ക്‌ളാസിന്റെ ചുമതലയിലുള്ളവരെ അറിയിക്കുന്നതില്‍ പറ്റിയ വീഴ്ചയാണ് വ്യാജപ്രവേശനത്തിന് കാരണമായത്. ഹാജര്‍പട്ടികയില്‍ എല്ലാവരുടെയും പേര് ചേര്‍ത്തുകഴിഞ്ഞ് ‘ഇനി ആരുടെയെങ്കിലും പേര് ചേര്‍ക്കാനുണ്ടോ’ യെന്ന് അധ്യാപിക ചോദിച്ചപ്പോള്‍ ഈ കുട്ടി പേരുപറയുകയായിരുന്നു. ഇതേ രജിസ്റ്ററിലാണ് തുടര്‍ന്നുള്ള ദിവസങ്ങളിലും കുട്ടികളുടെ ഹാജര്‍ രേഖപ്പെടുത്തിയതെന്നാണ് വകുപ്പുമേധാവികളുടെ വിശദീകരണം. ബയോകെമിസ്ട്രി വകുപ്പിനാണ് ക്‌ളാസ് നടത്തിപ്പുചുമതല.

 

Back to top button
error: