IndiaNEWS

അസംഖാന്റ രാവണക്കോട്ട ഞെട്ടിക്കുന്ന ഭൂരിപക്ഷത്തില്‍ പിടിച്ചെടുത്ത് ബി.ജെ.പി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ രാംപുര്‍ നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എതിരാളികളെ ഞെട്ടിപ്പിക്കുന്ന വിജയം നേടിയിരിക്കുകയാണ് ബിജെപി. ബിജെപിയുടെ ആകാശ് സക്സേന സമാജ് വാദി പാര്‍ട്ടിയുടെ അസിം രാജയെ 34,136 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. രാംപുര്‍ മണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുസ്ലിം ഇതര സ്ഥാനാര്‍ഥി വിജയിക്കുന്നത്.

സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്റെ കുത്തകയാണ് ആകാശ് സക്സേന പൊളിച്ചടുക്കിയത്. ഡിസംബര്‍ അഞ്ചിന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 34 ശതമാനത്തിനടുത്ത് മാത്രമായിരുന്നു പോളിങ് എന്നതും ശ്രദ്ധേയമാണ്. വിദ്വേഷ പ്രസംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് അസംഖാനെ എം.എല്‍.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Signature-ad

മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ രാംപുരില്‍ 1952-ന് ശേഷമുള്ള ആദ്യ മുസ്ലിം ഇതര എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ട് ചരിത്രം കുറിച്ചിരിക്കുകയാണ് ആകാശ് സക്സേന. കഴിഞ്ഞ 19 തവണയും മുസ്ലിം സ്ഥാനാര്‍ഥികളാണ് രാംപുരില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

ഇതിനിടെ മുസ്ലിം വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ പോലീസ് അനുവദിച്ചില്ലെന്ന ആരോപണവുമായി എസ്.പി. രംഗത്തെത്തി. വ്യാഴാഴ്ച വോട്ടെണ്ണുന്ന ഘട്ടത്തില്‍ 18-ാം റൗണ്ട് വരെ നേരിയ ലീഡ് നിലനിര്‍ത്തിയ ശേഷമാണ് അസിം രാജ പിന്നോട്ടുപോയത്. ചരിത്രപരമായ തോല്‍വി ഉറപ്പിച്ച അസിം രാജ നിരാശയോടെ രാംപുര്‍ വോട്ടെണ്ണല്‍ കേന്ദ്രം വിട്ടു. ”ഇവിടെ തെരഞ്ഞെടുപ്പ് നടന്നില്ല… ന്യൂനപക്ഷങ്ങള്‍ക്ക് ആധിപത്യമുള്ള പ്രദേശങ്ങളിലെ 252 ബൂത്തുകളില്‍ വോട്ടുചെയ്യാന്‍ പോലീസ് അനുവദിച്ചില്ല. 20% പോളിംഗ് മാത്രമാണ് അവിടെ രേഖപ്പെടുത്തിയത്”, വീട്ടിലേക്ക് മടങ്ങുമ്പോള്‍ അസിം രാജ പറഞ്ഞു.

അഭിഭാഷകനായ ആകാശ് സക്സേന മുന്‍ മന്ത്രിയും സമീപ മണ്ഡലമായ സൗറിലെ എം.എല്‍.എയുമായിരുന്ന ശിവ് ബഹദൂര്‍ സക്സേനയുടെ മകനാണ്. ”പുതിയ യുഗത്തിന്റെ ഉദയത്തിനാണ് നമ്മള്‍ സാക്ഷ്യംവഹിക്കുന്നത്. ഏകദേശം 64% മുസ്ലീം വോട്ടര്‍മാര്‍ യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ വിശ്വാസം പ്രകടിപ്പിച്ചു. ഈ ഫലത്തോടെ, രാംപുരിലെ മാത്രമല്ല, യുപിയിലെ മുഴുവന്‍ മുസ്ലിങ്ങളും ഇപ്പോള്‍ സംസ്ഥാനത്ത് സുരക്ഷിതരാണെന്ന് കൂടുതല്‍ വ്യക്തമാകുകയാണ്”, ഫല പ്രഖ്യാപനത്തിന് ശേഷം ആകാശ് സക്സേന പറഞ്ഞു.

62.06 ശതമാനം വോട്ടുകള്‍ പിടിച്ച ആകാശ് സക്സേന 81,432 വോട്ടുകളാണ് സ്വന്തമാക്കിയത്. 36.05 ശതമാനം വോട്ടുകള്‍ നേടിയ അസിംരാജയ്ക്ക് 47,296 വോട്ടുകളാണ് നേടാനായത്. കോണ്‍ഗ്രസും ബി.എസ്.പിയും മത്സരിച്ചില്ല. യുപിയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മറ്റൊരു മണ്ഡലമായ ഖതൗലി ബി.ജെ.പിയില്‍ നിന്ന് പിടിച്ചെടുക്കാനായതാണ് എസ്.പിക്ക് ആശ്വാസം.

2002-മുതല്‍ അസംഖാനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും തുടര്‍ച്ചയായി രാംപുരില്‍ നിന്ന് വിജയിച്ചുവരികയായിരുന്നു. 1980 മുതല്‍ 1993 വരെ അസം ഖാന്‍ തന്നെ വിവിധ പാര്‍ട്ടികളുടെ ടിക്കറ്റിലും വിജയിച്ചിട്ടുണ്ട്. അസംഖാന്‍ ജയിലിലായതും ആകാശ് സക്സേന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു എന്നതും ശ്രദ്ധേയമാണ്.

 

Back to top button
error: