ഷിംല: ഹിമാചല്‍ പ്രദേശില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പിച്ച കോണ്‍ഗ്രസിന് അടുത്ത വെല്ലുവിളിയായി മുഖ്യമന്ത്രി പദവിക്കുവേണ്ടിയുള്ള നേതാക്കളുടെ നീക്കങ്ങള്‍. പി.സി.സി മുന്‍ അധ്യക്ഷന്‍ സുഖ്വീന്ദര് സിങ് സുഖു അല്ലെങ്കില്‍ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരിലൊരാള്‍ മുഖ്യമന്ത്രിയാകുമെന്നായിരുന്നു ഇതുവരെയുള്ള പ്രചാരണം.
എന്നാല്‍, പി.സി.സി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ ഭാര്യയുമായ പ്രതിഭ സിങ്ങും മുഖ്യമന്ത്രിയാകാന്‍ കച്ചമുറുക്കിക്കഴിഞ്ഞു. പ്രതിഭ സിങ് മുഖ്യമന്ത്രി പദവിക്കായി രംഗത്തുണ്ടാകുമെന്ന് മകനും എം.എല്‍.എയുമായ വിക്രമാദിത്യ സിങ് മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ലോക്സഭാ എം.പിയാണ് പ്രതിഭ സിങ്. മുഖ്യമന്ത്രിയായാല്‍, ഇതു രാജിവച്ച് നിയമസഭയിലേക്ക് മത്സരിക്കേണ്ടി വരും.
വീര്‍ഭദ്ര സിങ്ങിന്റെ സ്മരണയും ഭരണനേട്ടങ്ങളും ഓര്‍മിപ്പിച്ചാണ് കോണ്‍ഗ്രസ് വിജയത്തിലേക്കെത്തിയത്. മുഖ്യമന്ത്രി ആരാകുമെന്ന് എം.എല്‍.എമാരും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും ചേര്‍ന്ന് തീരുമാനിക്കുമെന്നും വിക്രമാദിത്യ സിങ് ഷിംലയില്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ ലീഡുനില കേവല ഭൂരിപക്ഷം പിന്നിട്ടതിനു പിന്നാലെ ജയമുറപ്പിച്ച സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ഛത്തീസ്ഗഡിലേക്കു മാറ്റി. ബിജെപിയുടെ ചാക്കിട്ടു പിടിത്തം ഒഴിവാക്കാനാണ് നീക്കം.
ജനാധിപത്യം സംരക്ഷിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വിക്രമാദിത്യ സിങ് പറഞ്ഞു. എ.ഐ.ഐ.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, ഹിമാചലിലെ സാഹചര്യം വിലയിരുത്തുന്നുണ്ട്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍, ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡ എന്നിവരെ നിരീക്ഷകരായി ഹിമാചലിലേക്ക് അയച്ചു.