പാലക്കാട്: യു.ഡി.എഫ്. ഭരിക്കുന്ന വല്ലപ്പുഴ സര്‍വീസ് സഹകരണ ബാങ്കില്‍ ലക്ഷങ്ങള്‍ കോഴ വാങ്ങി നിയമനം നടത്തുന്നുവെന്ന യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടിന്റെ പരാതിയില്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം നടപടി തുടങ്ങി. ബാങ്ക് പ്രസിഡന്റിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായിഡിസിസി പ്രസിഡന്റ് അറിയിച്ചു. കൂടുതല്‍ അന്വേഷണത്തിന് രണ്ടംഗ കമീഷനെയും നിയോഗിച്ചു.
വല്ലപ്പുഴ ബാങ്കിലെ മൂന്ന് പ്യൂണ്‍ തസ്തികകളിലേക്കുള്ള അഭിമുഖം ഡിസംബര്‍ 1നാണ് നിശ്ചയിച്ചിരുന്നത്. അത് നടക്കും മുമ്പേ മൂന്ന് പേരില്‍ നിന്ന് 25 ലക്ഷം രൂപവീതം കോഴവാങ്ങി നിയമനം ഉറപ്പിച്ചുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടന്റ് മന്‍സൂര്‍ അലിയുടെ പരാതി. മന്‍സൂറിന്റെ പരാതിയില്‍ ഹൈക്കോടതി ബാങ്കിലെ നിയമന നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു. അഴിമതിയെ കുറിച്ച് അന്വേഷിച്ച് രണ്ട് മാസത്തിനകം സഹകരണ ജോയിന്റ് രജിസ്ട്രര്‍ റിപ്പോര്‍ട്ട് നല്‍കണം.
യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാതിയെ കുറിച്ച് തുടക്കത്തില്‍ മൗനം പാലിച്ച കോണ്‍ഗ്രസ് ജില്ലാ നേതൃത്യം ഹൈക്കോടതി ഉത്തരവ് വന്നതോടെ അന്വേഷണം തുടങ്ങി. പ്രാഥമിക അന്വേഷണത്തില്‍ ബാങ്ക് പ്രസിഡന്റ് കളത്തില്‍ അഷാഫിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തി. ബാങ്ക് പ്രസിഡന്റിനൊപ്പം മറ്റ് രണ്ട് പ്രാദേശിക നേതാക്കളെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. വിശദമായ തുടര്‍ അന്വേഷണത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടി ഉണ്ടാകും.
യുഡിഎഫ് ഭരണ സമിതിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് തന്നെ ഹൈക്കോടതിയെ സമീപിച്ചത് കോണ്‍ഗ്രസിനും യുഡിഎഫിനും വലിയ തലവേദനയായിരിക്കുകയാണ്. ആരോപണ വിധേയര്‍ക്കെതിരെ പെട്ടെന്ന് നടപടിയെടുത്ത് തല്‍ക്കാലം വിവാദം ഒഴിവാക്കനാണ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം.