മലപ്പുറം: ചെറുമുക്ക് ആമ്പല്‍പാടത്തെ നെയ്മറെ തോല്പിച്ച് ഉയര്‍ത്തിയ മെസ്സിയുടെ കട്ടൗട്ട് നിലംപൊത്തി. 35 അടി വലിപ്പമുള്ള കട്ടൗട്ട് കനത്ത മഴയിലാണ് വീണത്. കഴിഞ്ഞദിവസം വൈകുന്നേരം ആറുമണിയോടെയാണു സംഭവം. പ്രദേശത്ത് കനത്ത മഴയാണ് അനുഭവപ്പെട്ടത്. ഇതിനിടെയാണ് കൃഷിയിടത്തിലേക്ക് കട്ടൗട്ട് നിലംപൊത്തി വീണത്.
പള്ളിക്കത്തായം ആമ്പല്‍ പാടത്ത് ഇരുപത്തിനാല് അടി ഉയരത്തില്‍ നെയ്മറിന്റെ കട്ടൗട്ട് ഉയര്‍ത്തി ബ്രസീല്‍ ഫാന്‍സ് ചെറുമുക്കാണ് മത്സരത്തിനു തുടക്കമിട്ടത്. ഇത് നാട്ടില്‍ ഏറെ ചര്‍ച്ചയായതോടെ അര്‍ജന്റീന ഫാന്‍സും ഉടന്‍ രംഗത്തിറങ്ങി. നെയ്മറിനേക്കള് വലിയ കട്ടൗട്ടാണ് ഇവര്‍ സ്ഥാപിച്ചത്. ഇതിലെ മെസ്സിയുടെ കട്ടൗട്ടാണ് മഴയില്‍ തകര്‍ന്ന് വീണത്.
നേരത്തെ നിലമ്പൂരില്‍ സമാനമായി നെയ്മറുടെ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിക്കുന്നതിനിടയില്‍ വീണിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. തുടര്‍ന്നു അന്നേദിവസം തന്നെ കട്ടൗട്ട് ഫാന്സുകള് പുന:സ്ഥാപിക്കുകയും ചെയ്തു. കോഴിക്കോട് ജില്ലയിലെ പുല്ലാവൂര്‍ പുഴയില്‍ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്റെയും റൊണാള്‍ഡോയുടെയും കട്ടൗട്ടുകള്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.