കാസർകോട്: കാസർകോട് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. നീലേശ്വരം ചോയംകോട് മഞ്ഞളംകാടാണ് വാഹനാപകടം ഉണ്ടായത്. കരിന്തളം സ്വദേശി ശ്രീരാഗ്, കൊന്നക്കാട് സ്വദേശി അനീഷ്, കുമ്പളപ്പള്ളിയിലെ കിഷോർ എന്നിവരാണ് മരിച്ചത്. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടകരയിലേക്ക് ചെങ്കല്‍ കൊണ്ടുപോവുകയായിരുന്ന ലോറിയും യുവാക്കൾ സഞ്ചരിച്ച ഓർട്ടോ കാറും തമ്മിൽ രാത്രി എട്ടരയോടെയാണ് കൂട്ടിയിടിച്ചത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ.
അതിനിടെ, തിരുവനന്തപുരത്ത് ഓടികൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് തെറിച്ച് വീണ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്കേറ്റു. നെയ്യാറ്റിൻകര അരങ്ക മുകൾ സ്വദേശി മന്യയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ കഴിയുന്നത്. പാറശ്ശാല വനിതാ ഐടിഐയിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് മന്യ. നെയ്യാറ്റിൻകര ടി ബി ജംഗ്ഷന് സമീപത്ത് വച്ചാണ് കളിയിക്കാവിള ബസിൽ നിന്ന് മന്യ തെറിച്ച് വീണത്. ബസ് നിർത്താതെ പോവുകയായിരുന്നു. ഇന്നലെ ആണ് സംഭവം നടന്നത്.
സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി നിരവധി അപകടങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താമരശ്ശേരി ചുരത്തിൽ ട്രാവലറിനു തീപ്പിടിച്ച് അപകടമുണ്ടായി. ആറാം വളവിൽ വെച്ചാണ് ട്രാവലറിനു തീപ്പിടിച്ചത്. ആർക്കും പരുക്കേറ്റിട്ടില്ല. വയനാട് ലക്കിടിയിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്കേറ്റിട്ടുണ്ട്. സുൽത്താൻ ബത്തേരി മാതമംഗലം സ്കൂളിലെ കുട്ടികളുമായി എറണാകുളത്തേക്ക് വിനോദയാത്ര പോയ ബസാണ് അപകടത്തിൽപ്പെട്ടത്.