തിരുവനന്തപുരം: ആയുര്‍വേദ ചികിത്സയ്ക്കായി കോവളത്ത് എത്തിയ വിദേശ വനിത കൊല്ലപ്പെട്ട കേസില്‍ വിധി ഇന്ന്. തിരുവനന്തപുരം ഒന്നാം അഡിഷനല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കേസില്‍ കൊലപാതകം നടന്ന് നാലര വര്‍ഷമാകുമ്പോഴാണ് വിധി പുറപ്പെടുവിക്കുന്നത്. തിരുവല്ലം പനത്തുറ സ്വദേശികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. ഇവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടിരുന്നു.
2018 മാര്‍ച്ച് 14 ന് പോത്തന്‍കോട്ടെ ആയുര്‍വേദ ചികിത്സാ കേന്ദ്രത്തില്‍നിന്നിറങ്ങി കോവളം ബീച്ചിലെത്തിയ 40 വയസ്സുകാരിയായ ലാത്വിയന്‍ വനിതയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന ആളൊഴിഞ്ഞ കുറ്റിക്കാട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി ലഹരി നല്കി പീഡിപ്പിച്ച ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. സഹോദരിക്കൊപ്പം ചികിത്സയ്ക്കെത്തിയ യുവതിയുടെ മൃതദേഹം 36 ദിവസങ്ങള്‍ക്കു ശേഷം പൊന്തക്കാടില്‍നിന്ന് കണ്ടെത്തുകയായിരുന്നു. ഡി.എന്‍.എ പരിശോധനയിലാണ് മൃതദേഹം വിദേശ വനിതയുടേതാണെന്ന് സ്ഥിരീകരിച്ചത്.
കേസില്‍ നീതി പ്രതീക്ഷിക്കുന്നെന്ന് കൊല്ലപ്പെട്ട യവതിയുടെ സഹോദരി പറഞ്ഞു. നീതിക്കായുള്ള പോരാട്ടം ദീര്‍ഘവും ദുര്‍ഘടവുമായിരുന്നെന്നും നല്ല മനസ്സുള്ള ധാരാളം പേര് ഒപ്പം നിന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൊലപാതകത്തില്‍ തെളിവുകള്‍ ശക്തമെന്ന് ഡി.സി.ആര്.ബി അസി. കമ്മിഷണര്‍ പറഞ്ഞു. സാഹചര്യത്തെളിവുകള്‍ അതിശക്തമാണ്. ശാസ്ത്രീയ തെളിവുകളും പരമാവധി ശേഖരിച്ചു. കൊല നടന്ന കാട്ടിലെ പ്രതികളുടെ സാന്നിധ്യത്തിനും തെളിവുണ്ട്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ പ്രതീക്ഷിക്കുന്നെന്ന് കമ്മിഷണര്‍ വ്യക്തമാക്കി.