CrimeNEWS

കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ച കേസ്: സൗദിയിൽ പ്രവാസി ഉൾപ്പടെ മൂന്നുപേർക്ക് 18 വർഷം തടവുശിക്ഷ

റിയാദ്: സൗദി അറേബ്യയിൽ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതികളായ വിദേശിയുൾപ്പടെ മൂന്നു പേരെ കോടതി 18 വർഷം തടവിന് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. രണ്ടു സൗദി പൗരന്മാരെയും ഒരു അറബ് വംശജനെയുമാണ് കോടതി ശിക്ഷിച്ചത്. ഇവർക്ക് അഞ്ചു ലക്ഷം റിയാൽ പിഴ ചുമത്തിയിട്ടുമുണ്ട്. വെളുപ്പിച്ച കള്ളപ്പണത്തിനും, പണംവെളുപ്പിക്കൽ ഇടപാടുകളിലൂടെ സമ്പാദിച്ച തുകക്കും തുല്യമായ തുക പ്രതികളിൽ നിന്ന് കണ്ടുകെട്ടാനും വിധിയുണ്ട്.

ശിക്ഷ പൂർത്തിയാക്കിയ ശേഷം വിദേശിയെ സൗദിയിൽ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. സൗദി പൗരന്മാർ വ്യാപാര സ്ഥാപനങ്ങളുടെ പേരിൽ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകൾ നേടുകയും പിന്നീട് ഈ സ്ഥാപനങ്ങളുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുറക്കുകയും ഇവ കൈകാര്യം ചെയ്യാൻ വിദേശിയെ അനുവദിക്കുകയുമായിരുന്നു. പ്രതികളുടെയും ഇവരുടെ പേരിലുള്ള വ്യാപാര സ്ഥാപനങ്ങളുടെയും അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്ന് ഈ അക്കൗണ്ടുകളിൽ വിദേശി വൻതുക ഡെപ്പോസിറ്റ് ചെയ്ത് വിദേശങ്ങളിലേക്ക് അയച്ചതായി കണ്ടെത്തി.

Signature-ad

നിയമവിരുദ്ധ ഉറവിടങ്ങളിൽ നിന്നുള്ള പണമാണ് വിദേശി ഇങ്ങിനെ വിദേശ രാജ്യങ്ങളിലേക്ക് അയച്ചതെന്നും അന്വേഷണങ്ങളിൽ വ്യക്തമായി. അന്വേഷണം പൂർത്തിയാക്കിയ പബ്ലിക് പ്രോസിക്യൂഷൻ പ്രതികൾക്കെതിരായ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയും തെളിവുകൾ ഹാജരാക്കുകയുമായിരുന്നെന്ന് പബ്ലിക് പ്രോസിക്യൂഷൻ വൃത്തങ്ങൾ പറഞ്ഞു.

Back to top button
error: