കാത്തിരിപ്പിനൊടുവില്‍ ഇടുക്കി വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിൽ വിമാനമിറങ്ങി. രണ്ടുപേർക്ക് സഞ്ചരിക്കാവുന്ന വൈറസ്- എസ്.ഡബ്ലിയു എന്ന വിമാനമാണ് തടസമായി നിന്ന മണ്‍തിട്ട നീക്കിയതോടെ ഇന്ന് രാവിലെ എയര്‍സ്ട്രിപ്പില്‍ ഇറങ്ങിയത്.
സംസ്ഥാന സര്‍ക്കാര്‍ 13 കോടി രൂപ വക ഇരുത്തിയ ഇടുക്കി ജില്ലയുടെ സ്വപ്ന പദ്ധതിയാണ് സത്രം എയര്‍ സ്ട്രിപ്പ്. എന്‍സിസി വിദ്യാര്‍ഥികള്‍ക്ക് വിമാന പറക്കല്‍ പരിശീലനം നല്‍കുകയാണ് പ്രഥമ ലക്ഷ്യം. കാലക്രമേണ മെഡിക്കല്‍ എമര്‍ജന്‍സിയും ടൂറിസവും പോലുള്ള കാര്യങ്ങള്‍ക്കുമായി ഇതു വികസിപ്പിച്ചെടുക്കും.
രാവിലെ 9.30-ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട വിമാനം പത്തരയോടെ എയര്‍സ്ട്രിപിലെത്തി. മൂന്നു തവണ വട്ടമിട്ട് കറങ്ങിയ ശേഷം ഒടുവില്‍ വിജയകരമായി റണ്‍വേയിലേക്ക്. മുമ്പ് രണ്ടുതവണ വിമാനമിറക്കാന്‍ ശ്രമം നടത്തിയെങ്കിലും ഒരു തവണ മണ്‍തിട്ട തടസമായി നിന്നതു മൂലം വിജയിച്ചില്ല. ഈ മണ്‍തിട്ട നീക്കിയതിനെ തുടര്‍ന്നാണ് വീണ്ടും വിമാനമിറക്കാന്‍ സാധിച്ചത്.
നിര്‍മാണം ആരംഭിച്ചത് 2017ലാണ്. പക്ഷേ കാലാവസ്ഥയും മറ്റ് നിരവധി പ്രതിസന്ധികളുംപദ്ധതിക്ക് വെല്ലുവിളികളായി. ഏപ്രിലിലും ജൂണിലും വിമാനമിറക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പെരിയാര്‍ കടുവാസങ്കേതത്തിലെ മൃഗങ്ങളുടെ ആവാസ വ്യവസ്ഥയില്‍ ആശങ്കയുന്നയിച്ച് ഒരു വ്യക്തി കോടതിയെ സമീപിക്കുകയും ചെയ്തു.
നിര്‍മാണ ജോലികള്‍ 97 ശതമാനം പൂര്‍ത്തിയാക്കിയതിനിടെ ഉണ്ടായ വന്‍ മണ്ണിടിച്ചിലും തിരിച്ചടിയായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പദ്ധതിയുടെ നടത്തിപ്പില്‍ നേരിട്ട് ഇടപെടല്‍ നടത്തി. ചീഫ് എന്‍ജിനീയറെ തന്നെ ചുമതല ഏല്‍പിക്കുകയും ചെയ്തു. കാര്യക്ഷമമായ ഇടപെടലിലൂടെയാണ് ഒടുവില്‍ ഉദ്യമം വിജയത്തിലെത്തിയത്.